സ്വർണവിലയിൽ ഇന്ന് നേരിയ വർധന; പവൻ വീണ്ടും 57,000ന് മുകളിൽ
December 9, 2024 0 By BizNewsകൊച്ചി: കേരളത്തിൽ ഇന്ന് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് 7,130 രൂപയായി. 120 രൂപ വർധിച്ച് പവൻവില 57,040 രൂപയിലെത്തി. ഗ്രാമിന് 10 രൂപ ഉയർന്ന് 5,885 രൂപയാണ് 18 കാരറ്റ് സ്വർണവില. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 98 രൂപ.
ഔൺസിന് 2,628 ഡോളർ വരെ താഴ്ന്ന രാജ്യാന്തരവില പിന്നീട് 2,649 ഡോളറിലേക്ക് ഉയർന്നത് കേരളത്തിലും വില വർധിക്കാനിടയാക്കി. ലോകത്തെ ഒന്നാംനമ്പർ സാമ്പത്തികശക്തിയായ യുഎസിലെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഈവാരം പുറത്തുവരും.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഇനിയുള്ള പണനയത്തെ സ്വാധീനിക്കാവുന്ന കണക്കാണിത്. പണപ്പെരുപ്പം ഫെഡറൽ റിസർവിന്റെ നിയന്ത്രണലക്ഷ്യമായ രണ്ട് ശതമാനത്തിനടുത്ത് തന്നെ തുടരുമെന്നും അടിസ്ഥാന പലിശനിരക്ക് ഈമാസവും കുറയ്ക്കുമെന്നുമാണ് പ്രതീക്ഷകൾ.
പലിശഭാരത്തിൽ 0.25% കുറവുണ്ടാകുമെന്ന് കരുതുന്നവർ 85.1 ശതമാനമാണ്. മറ്റുള്ളവർ പലിശയി മാറ്റമുണ്ടാകില്ലെന്നും പ്രതീക്ഷിക്കുന്നു. പലിശ കുറഞ്ഞാൽ സ്വർണവില ഉയരും. കാരണം, പലിശയിളവിന് ആനുപാതികമായി ബാങ്ക് നിക്ഷേപങ്ങളുടെ പലിശയും കുറയും.
മാത്രമല്ല, ഡോളറിന്റെ മൂല്യവും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി യീൽഡ്) താഴും. ഇത് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപങ്ങളിലേക്ക് നിക്ഷേപം മാറ്റാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. ഫലത്തിൽ സ്വർണവില ഉയരും.
ഇതിനെല്ലാം പുറമേ, സിറിയൻ ആഭ്യന്തര പ്രശ്നങ്ങൾ മൂലം മധ്യേഷ്യ വീണ്ടും കലുഷിതമാകുന്നതും സ്വർണത്തിനാണ് നേട്ടം. യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ആഭ്യന്തര സമ്പദ്‍വ്യവസ്ഥയ്ക്ക് വെല്ലുവിളിയാണ്.
ഈ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന പെരുമയുള്ള സ്വർണ നിക്ഷേപ പദ്ധതികൾക്ക് സ്വീകാര്യത കൂടും. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടുന്നതും സ്വർണവില കൂടാനിടയാക്കുകയാണ്.