എൽ.ജി ഇലക്ട്രോണിക്സ് ഐ.പി.ഒക്ക് ഒരുങ്ങുന്നു
December 8, 2024ന്യൂഡൽഹി: പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽ.ജി ഇലക്ട്രോണിക്സ് ഇന്ത്യ പ്രഥമ ഓഹരി വിൽപനക്ക് (ഐ.പി.ഒ) സെബിക്ക് അപേക്ഷ സമർപ്പിച്ചു. ദക്ഷിണ കൊറിയൻ മാതൃ കമ്പനിയായ എൽ.ജിയുടെ 15 ശതമാനം ഓഹരിയാണ് (10 രൂപ മുഖവിലയുള്ള 10.18 കോടി ഓഹരി) വിൽക്കുന്നത്. ഐ.പി.ഒ വഴി സമാഹരിക്കുന്ന പണം പൂർണമായും എൽ.ജിയുടെ മാതൃകമ്പനിക്കുതന്നെ ലഭിക്കും.
15,250 കോടി രൂപയുടെ ഐ.പി.ഒയുമായി എൽ.ജി രംഗത്തെത്തുമ്പോൾ ഹ്യൂണ്ടായ് മോട്ടോഴ്സ്, എൽ.ഐ.സി, പേ ടി.എം, കോൾ ഇന്ത്യ എന്നിവക്ക് ശേഷം ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ഓഹരി വിൽപനയാകും അത്.
വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, എൽ.ഇ.ഡി ടി.വി പാനൽ, ഇൻവെർട്ടർ എ.സി, മൈക്രോവേവ്സ് തുടങ്ങി ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിൽക്കുന്ന ഇന്ത്യയിലെ മുൻനിര സ്ഥാപനമാണ് എൽ.ജി ഇലക്ട്രോണിക്സ്. കഴിഞ്ഞ സാമ്പത്തിക വർഷം 21,557 കോടിയുടെ വിറ്റുവരവും 1511 കോടി ലാഭവും ഉണ്ടാക്കാൻ കമ്പനിക്ക് കഴിഞ്ഞു.