ജീവനക്കാരന് വിവാഹത്തോട് അനുബന്ധിച്ച് അനുവദിച്ചത് ഒരു ദിവസത്തെ മാത്രം ലീവ്; കമ്പനി സി.ഇ.ഒയുടെ പോസ്റ്റിൽ വിവാദം

ജീവനക്കാരന് വിവാഹത്തോട് അനുബന്ധിച്ച് അനുവദിച്ചത് ഒരു ദിവസത്തെ മാത്രം ലീവ്; കമ്പനി സി.ഇ.ഒയുടെ പോസ്റ്റിൽ വിവാദം

October 21, 2024 0 By BizNews

ലണ്ടൻ: വിവാഹ ദിനത്തിൽ ജീവനക്കാരന് ഒരു ദിവസം മാത്രം ലീവ് അനുവദിച്ച കമ്പനി സി.ഇ.ഒയുടെ നടപടി വിവാദത്തിൽ. ബ്രിട്ടീഷ് മാർക്കറ്റിങ് കമ്പനിയുടെ സി.ഇ.ഒ ലൗറെൻ ടിക്നെറാണ് ജീവനക്കാരന് ഒരു ദിവസത്തെ മാത്രം ലീവ് അനുവദിച്ചത്. സി.ഇ.ഒ തന്നെയാണ് ത്രെഡിലൂടെ ഇക്കാര്യം അറിയിച്ചത്.

ജീവനക്കാരൻ രണ്ടര ആഴ്ച ലീവ് നേരത്തെ തന്നെ എടുത്തിരുന്നുവെന്നും ജോലി ചെയ്യാനായി ഇയാൾ പകരക്കാരന് പരിശീലനം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് താൻ ലീവ് നിഷേധിച്ചതെന്നും സി.ഇ.ഒ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇയാളുടെ ടീമിന് ഡെഡ് ലൈനുണ്ടായിരുന്നു. അതുകൊണ്ടാണ് ലീവെടുക്കുമ്പോൾ പകരം ജീവനക്കാരനെ കണ്ടെത്താൻ നിർദേശിച്ചത്. എന്നാൽ, ഇതിൽ പരാജയപ്പെട്ട​തോടെ താൻ ലീവ് നിഷേധിക്കുകയായിരുന്നുവെന്നും സി.ഇ.ഒ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സി.ഇ.ഒയുടെ പോസ്റ്റ് വിവാദമായതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി അവർ തന്നെ രംഗത്തെത്തി. ജീവനക്കാർക്ക് ജോലി സമയം സ്വയം തെരഞ്ഞെടുക്കാനുള്ള അവസരം കമ്പനി നൽകിയിട്ടുണ്ട്. ഇഷ്ടമുള്ള ദിവസങ്ങളിൽ ഓഫുമെടുക്കാം. ജീവനക്കാരിൽ വിശ്വാസമുള്ളത് കൊണ്ടാണ് ഇത്തരത്തിൽ ഫ്ലെക്സിബിൾ ടൈം ജീവനക്കാർക്ക് നൽകുന്നതെന്നും സി.ഇ.ഒ വിശദീകരിച്ചു.

പോസ്റ്റ് പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകളും ചൂടുപിടിച്ചു. കമ്പനിയുടെ ഫ്ലെക്സിബിൾ പോളിസിക്ക് അനുസരിച്ചല്ല സി.ഇ.ഒയുടെ നടപടിയെന്നായിരുന്നു പ്രധാനമായി ഉയർന്ന വിമർശനം. പകരം ജീവനക്കാരനെ കണ്ടത്തേണ്ടത് മാനേജറുടെ ജോലിയാണെന്നായിരുന്നു വന്ന മറ്റൊരു കമന്റ്. ഒരു ജീവനക്കാരന് വർഷത്തിൽ രണ്ടാഴ്ച ലീവ് മതിയോയെന്നാണ് മറ്റൊരു യൂസറുടെ ചോദ്യം.