റബർവില വീണ്ടും ഇടിയുന്നു
October 6, 2024കോട്ടയം: റെക്കോഡിലെത്തിയ റബർവില വീണ്ടും കുത്തനെ ഇടിയുന്നു. ഉൽപാദനത്തിൽ കാര്യമായ വർധനയുണ്ടായില്ലെങ്കിലും ഒരാഴ്ചക്കുള്ളില്‍ റബർ ഷീറ്റിന് കിലോക്ക് 14 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച ആർ.എസ്.എസ് നാല് ഗ്രേഡിന് കിലോക്ക് 215 രൂപയും ഗ്രേഡ് അഞ്ചിന് 212 രൂപയുമായിരുന്നു റബര്‍ബോര്‍ഡ് വില. ആഗസ്റ്റിൽ 247 രൂപയെന്ന റെക്കോഡിലെത്തിയശേഷമാണ് ഒാരോ ദിവസവും വില ഇടിയുന്നത്.
അന്താരാഷ്ട്ര വിപണിയിൽ റബർവില ഉയർന്നുനിൽക്കുന്നതിനിടെയാണ് ആഭ്യന്തരവിപണിയിലെ പിന്നോട്ടടി. നിലവിൽ അന്താരാഷ്ട്ര റബർവില 247 രൂപയാണ്. ഇറക്കുമതിച്ചുങ്കം കിലോക്ക് 30 രൂപയാണെന്നിരിക്കെ കാര്യച്ചെലവടക്കം ഒരു കിലോ റബർ ഇറക്കുമതി ചെയ്യുന്നതിന് 280 രൂപയോളം ടയർ കമ്പനിക്ക് ചെലവിടേണ്ടിവരുമെന്ന് കർഷകസംഘടനകൾ പറയുന്നു.
എന്നിട്ടും കേരളത്തിലെ കർഷകർക്ക് ലഭിക്കുന്നത് 217 രൂപയാണ്. അന്താരാഷ്ട്ര വിലയനുസരിച്ച് റബർവില നിശ്ചയിക്കാൻ റബർബോർഡ് തയാറാകാത്തതാണ് ഇതിന് കാരണമെന്നും ഇവർ കുറ്റപ്പെടുത്തുന്നു. മാര്‍ക്കറ്റിലെ ഷീറ്റ് വരവിന്റെ തോതും സ്റ്റോക്കും കണക്കാക്കിയാല്‍ റബര്‍ബോര്‍ഡ് വില 230 രൂപയെങ്കിലും ലഭിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ചെറുകിട വ്യാപാരികൾ സംഘടിതമായി റബർഷീറ്റ് വില ദിനംതോറും കുറച്ച് കർഷകനെ ചൂഷണം ചെയ്യുകയാണെന്നും ആക്ഷേപമുണ്ട്. ചില ടയർ കമ്പനികൾ വലിയ കച്ചവടക്കാരിൽനിന്ന് 280 രൂപക്കുവരെയാണ് ഷീറ്റ് വാങ്ങുന്നത്. എന്നാൽ, കർഷകരിലേക്ക് ഈ വില എത്തുന്നില്ല. മാര്‍ക്കറ്റില്‍ മേല്‍ത്തരം ഷീറ്റ് റബറിന് ക്ഷാമം തുടരുന്ന സാഹചര്യത്തിലും കൈകാര്യച്ചെലവിന്റെ പേരില്‍ വ്യാപാരികള്‍ നാലുരൂപ വരെ താഴ്ത്തിയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.