കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്നത് 75,000 ലേറെ വാണിജ്യ കൂടിക്കാഴ്ചകള്‍
September 29, 2024കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ടിന്റെ 12ാം ലക്കത്തില്‍ മൂന്ന് ദിവസമായി നടന്നത് 75,000 ലേറെ വാണിജ്യ കൂടിക്കാഴ്ചകള്‍. ചരിത്രത്തിലാദ്യമായാണ് കെ.ടി.എമ്മില്‍ ഇത്രയധികം വാണിജ്യ കൂടിക്കാഴ്ചകള്‍ നടക്കുന്നത്. 11ാം ലക്കത്തില്‍ 55,000 വാണിജ്യ കൂടിക്കാഴ്ചകളായിരുന്നു നടന്നത്.
എ.ഐ അടക്കമുള്ള സാങ്കേതിക വിദ്യയിലേക്കുള്ള ചുവടുമാറ്റമാണ് പന്ത്രണ്ടാമത് കെ.ടി.എമ്മിന്റെ പ്രത്യേകതയെന്ന് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി രണ്ടായിരത്തോളം ആഭ്യന്തര ബയര്‍മാരാണ് കെ.ടി.എം 2024ല്‍ പങ്കെടുത്തത്. 75 വിദേശ രാജ്യങ്ങളില്‍ നിന്നായി 800ഓളം വിദേശ ബയര്‍മാരും മാര്‍ട്ടിനെത്തി. കെ.ടി.എമ്മിന്റെ സോഫ്റ്റ് വെയര്‍ വഴി മാത്രം മുന്‍കൂട്ടി തയാറാക്കിയതും അല്ലാത്തതുമായ കൂടിക്കാഴ്ചകൾക്ക് മാർട്ട് വേദിയായെന്ന് സൊസൈറ്റി സെക്രട്ടറി എസ്. സ്വാമിനാഥന് പറഞ്ഞു.
ടൂറിസം മേഖലയിലെ സുപ്രധാന വിഷയങ്ങളിൽ നാല് സെമിനാറുകൾ ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ച് നടന്നു. പരിഷ്കരിച്ച സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പൂര്‍ണമായും കടലാസ് രഹിതമായാണ് മാർട്ട് സംഘടിപ്പിച്ചത്. കെ.ടി.എം നിയോഗിച്ച എട്ടംഗ ഐ.ടി സംഘം നാലുമാസം കൊണ്ട് വികസിപ്പിച്ചെടുത്ത ആപ്പിലൂടെ കെ.ടി.എമ്മിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്ന് സി.ഇ.ഒ കെ. രാജ്കുമാര് പറഞ്ഞു. കൂടിക്കാഴ്ചയുടെ നിലവാരം രേഖപ്പെടുത്താനും ഫീഡ് ബാക്ക് നല്‍കാനും പരാതി പരിഹാരവും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.
അനുഭവവേദ്യ സുസ്ഥിര സമ്പ്രദായങ്ങള്‍ക്കും വെല്‍നെസ് ടൂറിസത്തിനുമാണ് പുതിയകാലത്ത് ആഗോള വിനോദസഞ്ചാരികള്‍ മുന്‍ഗണന നല്‍കുന്നതെന്ന് കേരള ട്രാവല്‍ മാര്‍ട്ട് (കെ.ടി.എം-2024) 12ാം പതിപ്പില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അനുഭവവേദ്യ യാത്രകള്‍, ടൂറിസം പാക്കേജുകളിലെ കാര്യക്ഷമത എന്നിവയും ആഗോള ടൂറിസം വിപണിയിലെ ഏറ്റവും പുതിയ പ്രവണതകളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.‘വിനോദസഞ്ചാരത്തിലെ മാറുന്ന പ്രവണതകള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.
സുസ്ഥിര യാത്രാ ഉല്പന്നങ്ങള് വിനോദസഞ്ചാരികളുടെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമെന്ന് സിത ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ദീപക് ദേവ പറഞ്ഞു. 2027ഓടെ വെല്‍നെസ് ടൂറിസം മേഖലയിലെ പങ്കാളിത്തം നാലിരട്ടിയായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഡംബര സൗകര്യങ്ങളെക്കാള്‍ അനുഭവവേദ്യ യാത്രകള്‍ക്കാണ് യാത്രികര്‍ മുന്‍ഗണന നല്‍കുന്നത്. കാര്യക്ഷമത, ഉപഭോക്തൃ പിന്തുണ, ടൂറിസം സ്ഥാപനങ്ങളുടെയും ഉൽപന്നങ്ങളുടെയും ജനപ്രിയത, വിശ്വാസ്യത, പരസ്യങ്ങള്‍ തുടങ്ങിയ മേഖലകളെ ജെന്‍ എ.ഐ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാഹസിക വിനോദസഞ്ചാര മേഖലയിലെ പുതിയ പ്രവണതകള്‍ പര്യവേക്ഷണം ചെയ്യാന്‍ നിരവധി അവസരങ്ങളുണ്ടെന്നും പ്രാദേശിക സമൂഹത്തിന് ഇത് പ്രയോജനപ്പെടുത്താമെന്നും കലിപ്സോ അഡ്വഞ്ചര്‍ എം.ഡി കമാന്‍ഡര്‍ സാം പറഞ്ഞു. ടൂറിസം പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ വ്യത്യസ്തവും സമ്പന്നവുമായ പാചക പാരമ്പര്യം പ്രയോജനപ്പെടുത്തണമെന്നും ടൂറിസം മേഖലക്ക് സമഗ്ര പാചക ഗൈഡ് സംസ്ഥാനം സൃഷ്ടിക്കേണ്ടതുണ്ടെന്നും സെലിബ്രിറ്റി ഷെഫ് സിദ്ദീഖ് മുഹമ്മദ് പറഞ്ഞു. ഗ്രേറ്റ് ഇന്ത്യ ടൂര്‍ കമ്പനി എം.ഡി ഇ.എം. നജീബ് മോഡറേറ്ററായിരുന്നു. കെ.ടി.എമ്മില്‍ 2839 ബയര്‍മാരാണ് പങ്കെടുത്തത്. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ നിന്നായി വിവിധ ടൂറിസം സ്ഥാപനങ്ങളുടെയും ഉൽപന്നങ്ങളുടെയും 347 സ്റ്റാള്‍ ഉണ്ടായിരുന്നു.