സെൻസെക്സ് 85,000 തൊട്ടു; നിഫ്റ്റി 26,000ത്തിനരികെ

സെൻസെക്സ് 85,000 തൊട്ടു; നിഫ്റ്റി 26,000ത്തിനരികെ

September 24, 2024 0 By BizNews

മുംബൈ: കുതിപ്പ് തുടർന്ന് ഓഹരി വിപണി. ചരിത്രത്തിലാദ്യമായി സെ​ൻസെക്സ്  85,000 തൊട്ടു. ഉരുക്ക്, ഓട്ടോ ഓഹരികളുടെ ബലത്തിലാണ് വിപണി കരുത്തുകാട്ടിയത്. നിഫ്റ്റി എക്കാലത്തെയും വലിയ ഉയരം കുറിച്ച് 26,000 നരികെ എത്തി. ടാറ്റ സ്റ്റീൽ, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, പവർ ഗ്രിഡ് ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടംകൊയ്തത്. ഹിന്ദുസ്ഥാൻ യുനിലിവർ, ഇൻഫോസിസ്, ബജാജ് ഫിനാൻസ് എന്നിവ തകർച്ച നേരിട്ടു.

നാലുദിവസം മുമ്പും സെൻസെക്സ് 84000ത്തിലെത്തിയിരുന്നു. സെപ്റ്റംബർ 12ന് 83000ത്തിലും. കേവലം രണ്ടാഴ്ച കൊണ്ടാണ് വിപണി 80,000ത്തിൽ നിന്ന് 85000ത്തിന്റെ നേട്ടം കൈപ്പിടിയിലൊതുക്കിയത്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടത്തിലായിരുന്ന ഓഹരി വിപണി പിന്നീട് തിരിച്ചുകയറുകയായിരുന്നു. ഏഷ്യന്‍ വിപണിയിലെ ഉണര്‍വ് ആണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.