സ്വർണവില റെക്കോഡിൽ; ഒരു പവൻ ആഭരണം വാങ്ങാൻ ഇത്ര പണം നൽകണം
September 21, 2024സ്വർണവില സർവകാല റെക്കോഡിലെത്തിയതോടെ ജി.എസ്.ടിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ ഉപഭോക്താവ് നൽകേണ്ടത് 60,000ത്തിലേറെ രൂപ. ഇന്നത്തെ വിലയനുസരിച്ച് 55,680 രൂപയാണ് സ്വർണത്തിന്റെ അടിസ്ഥാന വില. ഇതിനൊപ്പം അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി.എസ്.ടിയും ചേരുമ്പോൾ ആഭരണത്തിന്റെ വില 60,217 രൂപയിലേക്ക് എത്തും.
ഇനി പണിക്കൂലി 10 ശതമാനമാണെങ്കിൽ മൂന്ന് ശതമാനം ജി.എസ്.ടിയും ചേർത്ത് ഒരു പവൻ ആഭരണം വാങ്ങാൻ 63,085 രൂപ നൽകേണ്ടി വരും. സംസ്ഥാന സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തിയിരുന്നു. ഗ്രാമിന് 75 രൂപയുടെ വർധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 6960 രൂപയായാണ് ഉയർന്നത്. പവന് 600 രൂപ വർധിച്ച് 55,680 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5775 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി.
ഇന്ത്യൻ രൂപ ചെറിയതോതിൽ കരുത്താർജിച്ചിട്ടുണ്ട്. രൂപയുടെ വിനിമയ നിരക്ക് 83.50 രൂപയാണ്. യു.എസ് പലിശ നിരക്ക് കുറച്ചതിനുശേഷം വലിയതോതിൽ വില വർധിക്കാതിരുന്ന സ്വർണം, പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇപ്പോൾ വിലവർധനവിന് കാരണമായത്.
കഴിഞ്ഞ നവംബറിൽ അന്താരാഷ്ട്ര വില 1800 ഡോളറിൽ ആയിരുന്നതാണ് ഇപ്പോൾ 800 ഡോളറിൽ അധികം വർധിച്ച് 2622 ഡോളറിലായിട്ടുണ്ട്. മെയ് 20ന് സ്വർണവില ഗ്രാമിന് 6895 രൂപയായിരുന്ന റെക്കോർഡ് ആണ് ഇന്ന് മറികടന്നത്. സ്വർണവിലയിൽ നേരിയ തോതിൽ വിലക്കുറവ് അനുഭവപ്പെടുമ്പോൾ തന്നെ വൻതോതിൽ നിക്ഷേപം വർധിക്കുന്നത് വിലവർധനവിന് കാരണമാകുന്നുണ്ട്.