4,200 കോടി രൂപ കൂടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രാനുമതി
September 5, 2024 0 By BizNewsതിരുവനന്തപുരം: 4,200 കോടി രൂപ കൂടി കടമെടുക്കാന്‍ കേരളാ സര്‍ക്കാരിന്(Kerala Government) കേന്ദ്രം അനുമതി നല്‍കി. ഓണച്ചെലവുകള്‍(Onam Expenses) നിർവ്വഹിക്കുന്നതിനാണ് കടമെടുപ്പിനുള്ള ഈ അനുമതി കേന്ദ്രം ഇപ്പോൾ നൽകിയിരിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് ആകെ അനുമതിയുള്ളത്. ഇതില്‍ ഡിസംബര്‍ വരെയുള്ള 21,253 കോടി രൂപ സെപ്റ്റംബര്‍ രണ്ടിന് സര്‍ക്കാര്‍ എടുത്ത് തീര്‍ത്തിരുന്നു.
ബാക്കി തുക അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് എടുക്കാനാവുക. എന്നാല്‍ ഓണച്ചെലവുകള്‍ക്ക് ഭീമമായ തുക ആവശ്യമായി വന്നതോടെ ഈ തുകയില്‍ നിന്നും 5,000 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി.
ഇതില്‍ 4,200 കോടി രൂപ കടമെടുക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ മാസം 10ന് ഇതുമായി ബന്ധപ്പെട്ട കടപ്പത്രങ്ങളുടെ വില്‍പ്പനയുണ്ടാകുമെന്നാണ് വിവരം.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണം വാരാഘോഷം പോലുള്ള പരിപാടികള്‍ മാറ്റിവച്ചെങ്കിലും ഓണച്ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് 20,000 കോടി രൂപയോളം വേണ്ടി വരുമെന്നാണ് കണക്ക്.
ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍, ഉത്സവബത്ത, ബോണസ്, പലിശയുടെ വായ്പ തുടങ്ങിയ ചെലവുകള്‍ക്കാണ് ഈ പണം വിനിയോഗിക്കേണ്ടത്. സെപ്റ്റംബര്‍ രണ്ടിന് 735 കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിരുന്നു.
പത്താം തീയതി 4,200 കോടി രൂപ കൂടിയെത്തും. ബാക്കിത്തുക നികുതി അടക്കമുള്ള വരുമാനത്തില്‍ നിന്നും കണ്ടെത്താനാണ് സര്‍ക്കാര്‍ തീരുമാനം.