നവംബർ 12 മുതൽ വിസ്താരയില്ല; എയർ ഇന്ത്യ മാത്രം
August 30, 2024ന്യൂഡൽഹി: നവംബർ 12ഓടെ എയർ ഇന്ത്യ വിസ്താര ലയനം പൂർത്തിയാക്കുമെന്ന് സിംഗപ്പൂർ എയർലൈൻസ്. വെള്ളിയാഴ്ചയാണ് ലയനത്തിന്റെ ഭാഗമായുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി ലഭിച്ചതെന്ന് സിംഗപ്പൂർ എയർലൈൻസ് വ്യക്തമാക്കി.
സെപ്റ്റംബർ മൂന്ന് മുതൽ വിസ്താരയുടെ വിമാന സർവീസുകൾ ഉപയോക്താക്കൾക്ക് ബുക്ക് ചെയ്യാൻ സാധിക്കില്ല. നവംബർ 12ന് ശേഷം വിസ്താരയുടെ മുഴുവൻ വിമാനങ്ങളും എയർ ഇന്ത്യ ബ്രാൻഡിലേക്ക് മാറും. എയർ ഇന്ത്യ വെബ്സൈറ്റ് വഴിയാകും വിമാനങ്ങളുടെ ബുക്കിങ് നടത്തുക.
ഉപഭോക്താക്കളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്താൻ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിസ്താര അറിയിച്ചു. ലയനത്തോടെ ഉപഭോക്താക്കൾക്ക് കൂടുതൽ വിമാനങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള അവസരമുണ്ടാകുമെന്ന് വിസ്താര സി.ഇ.ഒ വിനോദ് കണ്ണൻ പറഞ്ഞു.
വിമാന സർവീസുകൾ കേവലം ലയിപ്പിക്കുകയല്ല ചെയ്യുന്നത്. ഇതിനൊപ്പം മൂല്യങ്ങളും പ്രതിബദ്ധതകളും കൂടി കൈമാറുകയാണ് ചെയ്യുന്നതെന്നും വിനോദ് കണ്ണൻ കൂട്ടിച്ചേർത്തു. ലയനം ബുദ്ധിമുട്ടുകളില്ലാതെ പൂർത്തിയാക്കാനുള്ള നീക്കം തുടങ്ങിയതായി എയർ ഇന്ത്യ സി.ഇ.ഒ കാംപെൽ വിൽസണും പറഞ്ഞു.
2022 നവംബറിലാണ് ഇരു കമ്പനികളും ലയിക്കുമെന്ന് അറിയിച്ചത്. ലയനത്തിന്റെ ഭാഗമായി എയർ ഇന്ത്യയിലെ 25.1 ശതമാനം ഓഹരികൾ എയർ ഇന്ത്യയിൽ ഏറ്റെടുക്കും. നിലവിൽ വിസ്താരയിൽ 51 ശതമാനം ഓഹരികൾ ടാറ്റ ഗ്രൂപ്പിനും 49 ശതമാനം വിസ്താരയുടെ കൈയിലുമാണ്.