അസമിൽ സെമികണ്ടക്ടർ പദ്ധതിക്ക് തുടക്കമിട്ട് ടാറ്റാ ഗ്രൂപ്പ്

അസമിൽ സെമികണ്ടക്ടർ പദ്ധതിക്ക് തുടക്കമിട്ട് ടാറ്റാ ഗ്രൂപ്പ്

August 5, 2024 0 By BizNews

ന്യൂഡൽഹി: 27,000 കോടി രൂപയുടെ സെമികണ്ടക്ടർ പദ്ധതിക്ക് അസമിൽ തുടക്കമിട്ട് ടാറ്റാ ഗ്രൂപ്പ്. 27,000ത്തോളം പേർക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയാണിത്. 15,000 പേർക്ക് നേരിട്ടും 13,0000 പേർക്ക് പരോക്ഷമായും ജോലി ഉറപ്പാക്കും.

2025ഓടെ തന്നെ യൂണിറ്റിന്റെ നിർമാണം പൂർത്തിയാകുമെന്നും അതേവർഷം തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടാറ്റ ഗ്രൂപ്പ് അറിയിച്ചു.

ഭാവിയുടെ അടിത്തറയാകും സെമികണ്ടക്ടർ മേഖലയെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളിലും ചിപ്പുകളുടെ സാന്നിധ്യമുണ്ടാകുന്ന ഭാവിയാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ മോറിഗാവിൽ ആരംഭിക്കുന്ന സെമികണ്ടക്ടർ യൂണിറ്റിന്റെ ഭൂമി പൂജ ചടങ്ങ് പൂർത്തിയായതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രോണിക്, ഓട്ടോമൊബൈൽ, മൊബൈൽ ടെക്നോളജി, പ്രതിരോധം, ആരോഗ്യപരിപാലനം തുടങ്ങി വിവിധ മേഖലകളിൽ ചിപ്പുകളുടെ ഉപയോഗം വർദ്ധിക്കുന്ന ഭാവിയിലേക്കാണ് നാം ചുവടുവയ്‌ക്കുന്നത്.

ഈ സാഹചര്യത്തിൽ സെമികണ്ടക്ടർ വ്യവസായം വളരെ സുപ്രധാനമാണെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു.