ഗൂഗിളിന്റെ ഗെയിം സ്നാക്സുമായി കൈകോര്ത്ത് ജിയോ ഗെയിംസ്
August 4, 2024 0 By BizNewsകൊച്ചി: ഇന്ത്യയിലെ മുൻനിര ഗെയിമിങ് പ്ലാറ്റ്ഫോമായ ജിയോ ഗെയിംസ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ ഗെയിം സ്നാക്സുമായി കൈകോർക്കുന്നു. ജിയോഗെയിംസ് ആപ്പിലും ജിയോ സെറ്റ്ടോപ്പ് ബോക്സിലും ഗെയിംസ് സ്നാക്സ് സേവനങ്ങളും ഇതോടെ ഉൾപ്പെടുത്തും.
ജിയോ ഗെയിംസ് ഉപയോക്താക്കൾക്ക് ഡെയ്ലി സുഡോകു, ഓം നോം റൺ, ട്രാഫിക് ടോം എന്നിവയുൾപ്പെടെ എട്ട് ജനപ്രിയ എച്ച്ടിഎംഎൽ5 ഗെയിമുകൾ ആസ്വദിക്കാനാകും. ജിയോ ഗെയിമിന്റെ ആൻഡ്രോയിഡ് ആപ്പിൽ ആഴ്ചതോറും പുതിയ ഗെയിമുകൾ ചേർക്കും. ഉടൻ തന്നെ ജിയോ സെറ്റ്-ടോപ്പ് ബോക്സുകളിൽ ഇവ അവതരിപ്പിക്കും.
ആൻഡ്രോയിഡ് ഫോണുകളിലെ ജിയോ ഗെയിംസ് ആപ്പ് ഹോംപേജിൽ നിന്ന് ഗെയിമുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ഉണ്ടാകും. എല്ലാ ജിയോ ഗെയിംസ് ഉപയോക്താക്കൾക്കും ഗെയിംസ്നാക്ക് ഗെയിമുകൾ സൗജന്യമായി ലഭ്യമാകും. MyJio, JioTV എന്നിവയിലെ ജിയോ ഗെയിംസ് മിനി-ആപ്പുകളിലും ഗെയിംസ്നാക്ക് ഗെയിമുകൾ പ്ലേ ചെയ്യാൻ സാധിക്കും.
കുറഞ്ഞ മെമ്മറിയുള്ള ഉപകരണങ്ങൾക്കും വ്യത്യസ്ത നെറ്റ്വർക്കുകൾക്കും അനുയോജ്യമായ ഭാരം കുറഞ്ഞതും വേഗത്തിൽ ലോഡ്ചെയ്യുന്നതുമായ എച്ച്ടിഎംഎൽ5 ഗെയിമുകളാണ് ഗുഗിൾ ഗെയിംസ്നാക്സ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഗെയിമിംഗ് അനുഭവം സമ്പന്നമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സഹകരണം. ഇൻസ്റ്റലേഷന്റെ ആവശ്യമില്ലാതെ തന്നെ വൈവിധ്യമാർന്ന കാഷ്വൽ ഗെയിമുകൽ ഇതിൽ ലഭിക്കും.
ആഗോളതലത്തിൽ ഗെയിമിങ് പ്രേമികൾക്ക് വേണ്ടി വിവിധ വിഭാഗങ്ങളിലായി 100-ലധികം ഗെയിമുകൾ ഗെയിം സ്നാക്സ് വാഗ്ദാനം ചെയ്യുന്നു. വൈവിധ്യമാർന്നതും ആസ്വാദ്യകരവുമായ ഗെയിമിങ് അനുഭവങ്ങൾ നൽകിക്കൊണ്ട്, ഇന്ത്യയുടെ പ്രധാന ഗെയിമിങ് ഹബ് ആകാനുള്ള ജിയോ ഗെയിമുകളുടെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണ് പുതിയ കൈകോർക്കൽ എന്ന് ജിയോ പ്രസ്താവനയിൽ പറഞ്ഞു.