ഈയാഴ്‌ച 9 ഐപിഒകള്‍ വിപണിയിലെത്തും
July 29, 2024 0 By BizNewsമുംബൈ: ഈയാഴ്‌ച രണ്ട് മെയിന്‍ ബോര്‍ഡ് ഐപിഒകള്‍ ഉള്‍പ്പെടെ ഒന്‍പത് പബ്ലിക് ഇഷ്യുകളാണ് നടക്കുന്നത്. ഇതിന് പുറമെ ഏഴ് എസ്‌എംഇ ഐപിഒകളുടെ സബ്‌സ്‌ക്രിപ്‌ഷന്‍ ഈയാഴ്‌ച തുടങ്ങും. അകംസ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓല ഇലക്‌ട്രിക്കല്‍സ് എന്നിവയുടേതാണ് ഈയാഴ്‌ച തുടങ്ങുന്ന മെയിന്‍ ബോര്‍ഡ് ഐപിഒകള്‍.
ജൂലായ് 30നാണ് അകംസ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഐപിഒ സബ്‌സ്‌ക്രിപ്‌ഷന്‍ തുടങ്ങുന്നത്. ഓഗസ്റ്റ് ഒന്ന് വരെയായിരിക്കും ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 646-579 രൂപയാണ് ഐപിഒയുടെ ഇഷ്യു വില. 22 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഓഗസ്റ്റ് ആറിന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1856.74 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്. 680 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1176.74 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളുമാണ് ഓഹരികള്‍ വില്‍ക്കുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടയ്‌ക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ വഴിയുള്ള വിപുലീകരണത്തിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ഓല ഇലക്‌ട്രിക്കിന്റെ ഐപിഒ ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്‌ച ആരംഭിക്കും. ഓഗസ്റ്റ് ആറ് വരെയായിരിക്കും ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്.
കിസി അപ്പാരല്‍സ്, ആഷാപുര ലോജിസ്റ്റിക്‌സ്, രാജ്‌പുതാന ഇന്റസ്‌ട്രീസ്, ബള്‍ക്ക്‌ക്രോപ്, സത്‌ലോകര്‍ സിനര്‍ജീസ്, ഉത്സവ് സീ ഗോള്‍ഡ് ജുവല്‍സ് എന്നിവയാണ് ഈയാഴ്‌ച സബ്‌സ്‌ക്രിപ്‌ഷന്‍ ആരംഭിക്കുന്ന എസ്‌എംഇ ഐപിഒകള്‍.
എസ്‌പ്രീത് സ്റ്റോണ്‍സ്, എസ്‌എ ടെക് സോഫ്‌റ്റ്‌വെയര്‍, ക്ലിനിടെക് ലബോറട്ടറി, അപ്രമേയ എന്‍ജിനീയറിംഗ്, ട്രോം ഇന്റസ്‌ട്രീസ്, മംഗ്‌ളം ഇന്‍ഫ്ര ആന്റ് എന്‍ജിനീയറിംഗ്, ചേതന എജുക്കേഷന്‍ എന്നിവയുടെ ലിസ്റ്റിംഗ് ഈയാഴ്‌ച നടക്കും.
എസ്‌എംഇ ഐപിഒകളുടെ പ്രത്യേക പ്രീ-ഓപ്പണ്‍ സെഷനില്‍ പരമാവധി 90 ശതമാനം വിലവര്‍ധന മാത്രമേ പാടുള്ളൂ എന്ന നിബന്ധന ഇപ്പോള്‍ നിലവിലുണ്ട്.
200ഉം 300ഉം ശതമാനം നേട്ടത്തോടെയാണ് ചില എസ്‌എംഇ ഐപിഒകള്‍ ഈ വര്‍ഷം ലിസ്റ്റ് ചെയ്‌തത്. 2024ല്‍ ആദ്യത്തെ ആറ് മാസം വിപണിയിലെത്തിയ 110 എസ്‌എംഇ ഐപിഒകളില്‍ 43ഉം 100 ശതമാനത്തിലേറെ നേട്ടം നല്‍കി.
1500 ശതമാനം വരെ നേട്ടം നല്‍കിയ എസ്‌എംഇ ഐപിഒയുണ്ട്. ഈ സാഹചര്യത്തിലാണ് ലിസ്റ്റിംഗ് നേട്ടം സംബന്ധിച്ച് എന്‍എസ്‌ഇ പരിധി കല്‍പ്പിച്ചത്.