തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി മാനുഫാക്ചറിങ് മേഖലയ്ക്ക് പ്രാധാന്യം നൽകി ബജറ്റിൽ പദ്ധതികൾ

തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി മാനുഫാക്ചറിങ് മേഖലയ്ക്ക് പ്രാധാന്യം നൽകി ബജറ്റിൽ പദ്ധതികൾ

July 23, 2024 0 By BizNews

കൊച്ചി: രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനുള്ള പദ്ധതികൾക്ക് രൂപം നൽകുകയാണ് ബജറ്റിലെ പ്രധാന നിർദേശങ്ങളിലൊന്ന്. ഇതിന് ആവശ്യമായ തൊഴിൽ നൈപുണ്യം വികസിപ്പിക്കുകയും ഒപ്പം രാജ്യത്തെ ഒരു ഉത്പാദക രാജ്യമാക്കി മാറ്റുക എന്നതും ബജറ്റ് പ്രഖ്യാപനങ്ങൾ ലക്ഷ്യം വയ്ക്കുന്നുണ്ട്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയാണ് (എംഎസ്എംഇ) തങ്ങൾ കാണുന്ന ‘വികസിത ഭാരത’ത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന 4 മേഖലകളിലൊന്ന് എന്ന് ബജറ്റിൽ വ്യക്തമാക്കുകയും ചെയ്യുന്നു.

അടുത്ത 5 വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കള്‍ക്ക് തൊഴിൽ പരിശീലനം നൽകി അവരെ സംരംഭകരാക്കുകയും ഒപ്പം തൊഴിലും സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നാണ് ബജറ്റിലൂടെ കേന്ദ്രം പറയുന്നത്. ഇതിനായി 2 ലക്ഷം കോടി രൂപയാണ് വകയിരുത്തുന്നത്.

തൊഴിലവസരങ്ങൾ കൂട്ടുന്നതിന് സർവീസ് മേഖലയേക്കാൾ മാനുഫാക്ചറിങ് മേഖലയ്ക്കാണ് ഇത്തവണ പ്രാധാന്യം നല്‍‍കിയിരിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഒരു കോടി യുവാക്കള്‍ക്ക് അഞ്ചുവർഷം കൊണ്ട് 5000 കമ്പനികളിൽ ഇന്റേൺഷിപ് സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനവും ഈ ലക്ഷ്യം മുന്‍നിർത്തിയുള്ളതാണ്. ഓരോ വർഷവും മാസം 5000 രൂപ വീതം നൽകി ഇന്റേൺഷിപ് ചെയ്യാൻ അവസരമൊരുക്കുന്നതാണു പദ്ധതി.

പരിശീലന പരിപാടിയുടെ ചെലവും ഇന്റേൺഷിപ്പ് ചെലവിന്റെ 10% തുകയും കമ്പനികൾ തങ്ങളുടെ സിഎസ്ആർ ഫണ്ടിൽ നിന്നെടുക്കണം. അതേസമയം, ഇവർക്ക് ആ കമ്പനികളിൽ സ്ഥിരജോലി ലഭിക്കണമെന്നില്ല.

എന്നാൽ തൊഴിൽ പരിശീലനം ലഭിക്കുന്നതു കൊണ്ടു മറ്റു സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനോ സ്വന്തമായി സംരംഭം ആരംഭിക്കാനോ സാധിക്കുമെന്നതും മെച്ചമാണ്.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുദ്ര വായ്പ 10 ലക്ഷമായിരുന്നത് 20 ലക്ഷമാക്കിയതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 10 വർഷത്തിനിടയിൽ പദ്ധതി പ്രകാരം 43 കോടി വായ്പകൾ വിതരണം ചെയ്തു. ഇതിൽ 30 കോടിയും വനിതകളാണ്. കഴി‍ഞ്ഞവർഷം വരെ 22.5 ലക്ഷം കോടി രൂപ പദ്ധതി വഴി വിതരണം ചെയ്തു എന്നാണ് കണക്ക്.

കോവി‍ഡിനുശേഷം ഒട്ടേറെ സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായിരുന്നു. ഇത്തരം ‘സ്ട്രെസ് പീരിയഡ്’ സമയത്ത് എൻപിഎ ആകാതിരിക്കാൻ ഇത്തരം സ്ഥാപനങ്ങൾ വായ്പകള്‍ അനുവദിക്കാനുള്ള പുതിയ ഫണ്ട് രൂപീകരിക്കാനും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

ഒരു സ്ഥാപനം ഇത്തരത്തിൽ തകർച്ചയിലായി (സിക്ക്) എന്നു പ്രഖ്യാപിക്കണമെങ്കിൽ ഏറെ കടമ്പകൾ കടക്കണം. ആ അവസ്ഥയിലേക്ക് എംഎസ്എംഇ സ്ഥാപനങ്ങളെ കൊണ്ടുപോകാതെയുള്ള വായ്പാ ഗ്യാരന്റി പദ്ധതിയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.

ഈടോ സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ ജാമ്യമോ ഇല്ലാതെ യന്ത്ര, സാമഗ്രികൾ വാങ്ങുന്നതിനു വായ്പകൾ ലഭ്യമാക്കാനുള്ള സ്വാശ്രയ ധനകാര്യ ഗ്യാരന്റി പദ്ധതിയാണു മറ്റൊന്ന്. വായ്പാതുക കൂടുതലാണെങ്കിൽ പോലും 100 കോടി രൂപയ്ക്കു വരെ ഗ്യാരന്റി ഉറപ്പാക്കുന്നതാണിത്.

ഇതിനു സംരംഭകർ തുടക്കത്തിലും ഓരോ വർഷവും വിഹിതം അടയ്ക്കണം. ഇതാണ് ഗ്യാരന്റി ഫണ്ടിലേക്കു പോകുന്നത്. ഈ തുകയാണ് പിന്നീട് വായ്പയായി നൽകുന്നതും.

എംഎസ്എംഇകള്‍ക്ക് വായ്പ അനുവദിക്കുന്നതിനു പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ സംവിധാനമൊരുക്കുക, വായ്പാ സംവിധാനം കൂടുതൽ ആധുനികവത്കരിക്കുകയും ലളിതമാക്കുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങളും ബജറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്.

എംഎസ്എംഇ ക്ലസ്റ്ററുകൾക്ക് വായ്പ നൽകുന്ന ബാങ്കായ സിഡ്ബി അടുത്ത 3 വർഷത്തിനുള്ളിൽ പുതിയ ബ്രാഞ്ചുകൾ തുറക്കും. ഇത്തരം ക്ലസ്റ്ററുകൾ ധാരാളമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കാണ് ഇതിന്റെ ഗുണം കൂടുതൽ ലഭിക്കുക.