എഐ മിഷന് കൂടുതൽ കരുത്തുപകരുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കും

എഐ മിഷന് കൂടുതൽ കരുത്തുപകരുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കും

July 20, 2024 0 By BizNews

ന്യൂഡൽഹി: 10,000 കോടിയിലേറെ രൂപയുടെ നീക്കിയിരുപ്പോടെ കേന്ദ്രസർക്കാർ രൂപം കൊടുത്ത എഐ മിഷന് കൂടുതൽ കരുത്തുപകരുന്ന തീരുമാനങ്ങൾ 23ന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിലുണ്ടാകുമോയെന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.

എഐ സോഫ്റ്റ്‍വെയറുകൾ പ്രവർത്തിപ്പിക്കാനുള്ള ഉയർന്ന കംപ്യൂട്ടിങ് ശേഷി അടക്കമാണ് എഐ മിഷൻ വഴി ലക്ഷ്യംവയ്ക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ജോലി പോകുന്നവർക്ക് കൈത്താങ്ങേകാൻ ‘റോബട്ട് ടാക്സ്’ ഏർപ്പെടുത്തണമെന്നാണ് ആർഎസ്എസ് പോഷകസംഘടനയായ സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം) കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

ഇത്തരത്തിൽ സ്വരൂപിക്കുന്ന തുക ജോലി നഷ്ടമായവർക്ക് പുതിയകാലത്തിനൊത്ത പരിശീലനം നൽകുന്നതിന് ഉപയോഗിക്കാമെന്നാണ് ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്ജെഎം നിർദേശിച്ചത്.

ഇത്രയും കടുത്ത തീരുമാനത്തിലേക്ക് കേന്ദ്രം പോയില്ലെങ്കിലും എഐ മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടത്തെക്കുറിച്ച് ബജറ്റിൽ പരാമർശമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒട്ടേറെപ്പേരുണ്ട്.

പുതിയകാല സാങ്കേതികവിദ്യാ ഗവേഷണത്തിന് കുറഞ്ഞ നിരക്കിലോ പലിശരഹിതമായോ വായ്പ ലഭ്യമാക്കാൻ 1 ലക്ഷം കോടി രൂപയുടെ സഞ്ചിത നിധി കേന്ദ്രം രൂപീകരിക്കുമെന്ന് ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഏതൊക്കെ മേഖലകളെന്ന് വ്യക്തമാക്കിയിരുന്നില്ല.

എഐ നൈപുണ്യ വികസനത്തിന് ബജറ്റിൽ നീക്കിയിരിപ്പുണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്.