കൊച്ചിന് ഷിപ്പ്യാര്ഡ് ആറ് മാസത്തിനിടെ കുതിച്ചത് 316 ശതമാനം
July 8, 2024 0 By BizNewsകേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാർഡ് ആറ് മാസത്തിനിടെ നിക്ഷേപകർക്ക് സമ്മാനിച്ചത് 316 ശതമാനം നേട്ടം. വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില 7.5 ശതമാനം ഉയർന്ന് 2,924 എന്ന പുതിയ ഉയരത്തിലെത്തുകയും ചെയ്തു. 80,000 എന്ന റെക്കോഡ് ഉയരം പിന്നിട്ട് സെൻസെക്സ് തിരുത്തൽ നേരിട്ട സമയത്തായിരുന്നു മുന്നേറ്റം.
മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 61 ശതമാനം വർധിച്ച് 4140.63 കോടി രൂപയിലെത്തി. നികുതി കഴിച്ചുള്ള ആദായമാകട്ടെ 155 ശതമാനം കൂടി 1070.94 രൂപയായി. കടബാധ്യത 132 കോടി രൂപയിൽ നിന്ന് 23 കോടിയായി കുറയ്ക്കാൻ കഴിഞ്ഞതും കമ്പനിക്ക് നേട്ടമായി.
നേട്ടം തുടരുമോ?
പ്രതിരോധ മേഖലയിലെ കമ്പനികൾ ഏറെക്കാലമായി മികച്ച മുന്നേറ്റത്തിലാണ്. വാണിജ്യ കപ്പൽ നിർമാണം, അറ്റകുറ്റപ്പണി എന്നിവയിൽ നിർണായക പങ്കുള്ള കൊച്ചിൻ ഷിപ്പ്യാർഡിന് നിരവധി ഓർഡറുകൾ ഇതിനകം ലഭിച്ചിട്ടുണ്ട്.
അതിന് പുറമെ, ഇടക്കാലയളവിൽ 9,000 കോടി രൂപയുടെ കപ്പൽ നിർമാണ കരാറുകൾ കമ്പനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പൽ നിർമാണ പദ്ധതികൾ കൊച്ചിൻ ഷിപ്പ്യാർഡിന് മികച്ച അവസരമാണ് നൽകുന്നത്. വിമാനവാഹിനിക്കപ്പൽ നിർമിക്കുന്നതിന് ഇതിനകം 40,000 കോടി രൂപയുടെ ഓർഡർ ലഭിച്ചുകഴിഞ്ഞു.
മാരിടൈം ഇന്ത്യ വിഷൻ 2030ന്റെ ഭാഗമായി ഷിപ്പിങ് മന്ത്രാലയും 100 ദിവസത്തെ കർമപദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. കൊച്ചിൻ ഷിപ്പ്യാർഡ് ഉൾപ്പടെയുള്ള കമ്പനികൾക്ക് ഇത് അനുകൂലമാണ്.
2024ന്റെ തുടക്കത്തിലെ 17,000 കോടിയായിരുന്ന വിപണി മൂല്യം ഇപ്പോൾ 74,000 കോടി രൂപയിലെത്തിയിരിക്കുന്നു. 72.86 ശതമാനം ഓഹരികളും കേന്ദ്ര സർക്കാരിന്റെ കൈവശമാണുള്ളത്.
ഷിപ്പിങ് മേഖലയിലെത്തന്നെ മറ്റൊരു പ്രമുഖ കമ്പനിയായ മസഗോൺ ഡോക്കിന്റെ ഓഹരി വിലയാകട്ടെ 2024ൽ 151 ശതമാനമാണ് ഉയർന്നത്. വിപണി മൂല്യമാകട്ടെ 1.15 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തു. കമ്പനിയുടെ 84.83 ശതമാനം ഓഹരികളും സർക്കാരിന്റെ കൈവശമാണ്.
സമാന വ്യവസായത്തിലെ മറ്റ് കമ്പനികളെ അപേക്ഷിച്ച് ഉയർന്ന പിഇ അനുപാത(95.3)മാണ് കൊച്ചിൻ ഷിപ്പിയാഡിനുള്ളത്. പ്രത്യേകിച്ച് മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്(59.2)സും ഗാർഡൻ റീച്ചു(86.9)മായി താരമ്യപ്പെടുത്തുമ്പോൾ.
അതുകൊണ്ടുതന്നെ ഉയർന്ന നിലവാരത്തിലുള്ള ഓഹരിയിൽ കരുതലോടെ വേണം നിക്ഷേപം നടത്താൻ.