മരണശേഷം സ്വത്ത് ആർക്ക്? വിൽപത്രം തിരുത്തി ബഫറ്റ്
June 30, 2024ന്യൂയോർക്ക്: ശതകോടീശ്വരനും ഓഹരി വിപണി വിദഗ്ധനും നിക്ഷേപകനുമാണ് അമേരിക്കൻ പൗരനായ വാരൻ ബഫറ്റ്. 93 വയസ്സുണ്ട് അദ്ദേഹത്തിന്. മരണശേഷം സ്വത്തുക്കൾ ആർക്ക് ലഭിക്കുമെന്ന ചോദ്യത്തിന് പുതിയ ഉത്തരം നൽകിയിരിക്കുകയാണ് ബഫറ്റ്.
നേരത്തേ തയാറാക്കിയ വിൽപത്രത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വാൾ സ്ട്രീറ്റ് ജേണൽ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
നിരവധി തവണ അദ്ദേഹം വിൽപത്രം തിരുത്തിയിട്ടുണ്ട്. മരണശേഷം മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ ചാരിറ്റി സംഘടനയായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന് ഒറ്റ ഡോളർപോലും നൽകില്ലെന്നാണ് ഒടുവിലത്തെ തിരുത്തൽ. പകരം തന്റെ മൂന്ന് മക്കളിലും 100 ശതമാനം വിശ്വാസമുണ്ടെന്നും സ്വത്ത് അവർക്കായി വീതം വെക്കുമെന്നും ബഫറ്റ് പറഞ്ഞു.
ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, കുടുംബത്തിന്റെ ചാരിറ്റി സംഘടനകളായ സൂസൻ തോംസൺ ബഫറ്റ് ഫൗണ്ടേഷൻ, ഷെർവുഡ് ഫൗണ്ടേഷൻ, ഹോവാർഡ് ജി. ബഫറ്റ് ഫൗണ്ടേഷൻ, നോവോ ഫൗണ്ടേഷൻ എന്നിവർക്ക് സ്വത്ത് നൽകുമെന്നായിരുന്നു ബഫറ്റ് നേരത്തേ തീരുമാനിച്ചിരുന്നത്.