ഇന്ത്യൻ ഓഹരി വിപണികൾ റെക്കോഡ് ഉയരത്തിൽ; ഇരു സൂചികകളിലും അരശതമാനത്തിലേറെ നേട്ടം
June 13, 2024മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ റെക്കോഡ് ഉയരത്തിൽ വ്യാപാരം തുടങ്ങി. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും മുന്നേറ്റമുണ്ടായത്. പലിശനിരക്കുകളിൽ മാറ്റം വരുത്താത്ത യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനവും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും അര ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
ഐ.ടി, റിയാലിറ്റി സെക്ടറുകളിലെ മുന്നേറ്റമാണ് വിപണിക്ക് കരുത്തായത്. എഫ്.എം.സി.ജി സെക്ടറിൽ തുടർച്ചയായ രണ്ടാം ദിവസവും നഷ്ടം രേഖപ്പെടുത്തി. വ്യാഴാഴ്ച സെൻസെക്സ് 320 പോയിന്റ് നേട്ടത്തോടെ 76,967 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 117 പോയിന്റ് ഉയർന്ന് 23,440ലെത്തി. വിപണിയിൽ 2188 ഓഹരികൾ മുന്നേറിയപ്പോൾ 421 എണ്ണത്തിന് തിരിച്ചടി നേരിട്ടു. 89 എണ്ണം മാറ്റമില്ലാതെ തുടരുകയാണ്.
യു.എസിൽ ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. 5.25 മുതൽ 5.5 ശതമാനമാക്കി പലിശനിരക്കുകൾ യു.എസ് കേന്ദ്രബാങ്ക് നിലനിർത്തുകയായിരുന്നു. യു.എസിൽ പണപ്പെരുപ്പം 3.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിൽ വലിയ വർധനയുണ്ടാവാത്തതും വിപണിക്ക് കരുത്താവുന്നുണ്ട്.
വിപണിയിൽ എച്ച്.ഡി.എഫ്.സി ലൈഫ്, എൽ.ടി.ഐ മിൻഡ്ട്രീ, ഡിവിസ് ലബോറട്ടറി, ശ്രീറാം ഫിനാൻസ്, വിപ്രോ എന്നീ ഓഹരികളിൽ നേട്ടമുണ്ടായി. എഫ്.എം.സി.ജി, ഫാർമ, ഊർജ സെക്ടറുകളിലെ ഓഹരികളിലാണ് നിഫ്റ്റിയിൽ നഷ്ടം രേഖപ്പെടുത്തിയത്.