സ്വർണ വില കുത്തനെ ഇടിഞ്ഞു; ഇന്ന് കുറഞ്ഞത് 1520 രൂപ, പവന് ഒറ്റയടിക്ക് ഇത്ര കുറയുന്നത് ചരിത്രത്തിൽ ആദ്യം

സ്വർണ വില കുത്തനെ ഇടിഞ്ഞു; ഇന്ന് കുറഞ്ഞത് 1520 രൂപ, പവന് ഒറ്റയടിക്ക് ഇത്ര കുറയുന്നത് ചരിത്രത്തിൽ ആദ്യം

June 8, 2024 0 By BizNews

കൊച്ചി: സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ്. ഒരുഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സ്വർണ വ്യാപാര ചരിത്രത്തിൽ ഒറ്റദിവസം ഇത്രയധികം വില ഒറ്റയടിക്ക് കുറയുന്നത് ഇതാദ്യമാണ്. ഇതിനുമുമ്പ് 150 രൂപയാണ് ഒറ്റദിവസം ഗ്രാമിന് കുറഞ്ഞതിൽ റെക്കോഡ്. പവന് 1200 രൂപയായിരുന്നു അന്ന് കുറഞ്ഞത്.

18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ സ്വർണ ശേഖരം വാങ്ങുന്നത് നിർത്തിവെച്ചതാണ് ആഗോളവിപണിയിൽ പെട്ടെന്നുള്ള വിലയിടിവിന് കാരണമായത്. വാർത്ത പുറത്തുവന്നതോടെ അന്താരാഷ്ട്ര സ്വർണ്ണവില 3.32% ശതമാനത്തിൽ അധികം താഴ്ന്നിരുന്നു. 2385 ഡോളറിൽ നിന്നും 2,291.50 ഡോളറിലേക്കാണ് കുറഞ്ഞത്.

ഇന്നലെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലക്ക് സ്വർണം വിൽപന നടന്നത്. 54,080 രൂപയായിരുന്നു പവന്. കഴിഞ്ഞ നാലു ദിവസങ്ങളിൽ 1,200 രൂപ പവന് വർധിച്ച ശേഷമാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്.

മേയ് 20നായിരുന്നു പവന് ചരിത്രത്തിലെ റെക്കോഡ് വില. 55,120 രൂപയാണ് അന്ന രേഖപ്പെടുത്തിയത്. മേയ് ഒന്നിന് 52,440 രൂപയായിരുന്നു പവൻ വില.