അദാനി ഓഹരികൾ കൂപ്പുകുത്തി
June 4, 2024മുംബൈ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു തുടങ്ങിയതോടെ പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ ഗൗരം അദാനിയുടെ ഓഹരികളിൽ കനത്ത തകർച്ച. കഴിഞ്ഞ ദിവസങ്ങളിൽ വൻ മുന്നേറ്റം നേടിയ ഓഹരികളാണ് കൂപ്പുകുത്തിയത്. ഇന്നത്തെ ഇടിവ് കാരണം 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഗൗതം അദാനിക്കുണ്ടായത്.
തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട ഫല സൂചനകൾ വന്നുതുടങ്ങിയതോടെയാണ് അദാനി ഓഹരികളിൽ വിൽപന രൂക്ഷമായത്. തെരഞ്ഞെടുപ്പിൽ എൻ.ഡി.എ വിജയം അനായാസമല്ലെന്ന സൂചനകളാണ് നരേന്ദ്ര മോദിയുടെ സുഹൃത്ത് കൂടിയായ അദാനിയുടെ ഓഹരികൾക്ക് തിരിച്ചടിയായത്.
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ ശക്തമായ തകർച്ചയിൽനിന്ന് അദാനി ഓഹരികൾ മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. ഈ മുന്നേറ്റത്തിൽ നിക്ഷേപകർ ലാഭമെടുക്കുകയായിരുന്നു.
ഏറ്റവും പ്രധാനപ്പെട്ട കമ്പനിയായ അദാനി എൻറർപ്രൈസസിന്റെ ഓഹരി 10 ശതമാനത്തിലേറെ ഇടിഞ്ഞു. അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊലൂഷൻസ്, അംബുജ സിമെന്റ്സ് തുടങ്ങിയ ഓഹരികൾ 10 ശതമാനത്തിലേറെ തകർന്നു. അദാനിയുടെ എഫ്.എം.സി.ജി കമ്പനിയായ അദാനി വിൽമർ ഏഴ് ശതമാനത്തിലധികം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അദാനി ഈയിടെ സ്വന്തമാക്കിയ എൻ.ഡി.ടി.വി ടെലിവിഷൻ ചാനലിന്റെ ഓഹരിയും നിക്ഷേപകർ വിറ്റൊഴിവാക്കി. 11 ശതമാനത്തിലേറെ ഇടിവാണ് ഈ ഓഹരി നേരിട്ടത്. അംബുജ സിമെന്റ്സ് ഓഹരിയാണ് ഏറ്റവും നഷ്ടം നേരിട്ടത്. 14 ശതമാനത്തിലേറെ ഇടിഞ്ഞ ഓഹരി 572 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.