ബാങ്കിൽ ജീവനക്കാരില്ലെന്ന് ഫോട്ടോസഹിതം ചൂണ്ടിക്കാട്ടിയ ഉപഭോക്താവിനോട് ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് എസ്.ബി.ഐ

ബാങ്കിൽ ജീവനക്കാരില്ലെന്ന് ഫോട്ടോസഹിതം ചൂണ്ടിക്കാട്ടിയ ഉപഭോക്താവിനോട് ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് എസ്.ബി.ഐ

June 1, 2024 0 By BizNews

ന്യൂഡൽഹി: ബാങ്കിൽ ജീവനക്കാരില്ലെന്ന് ഫോട്ടോസഹിതം ചൂണ്ടിക്കാട്ടിയ ഉപഭോക്താവിനോട് ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് എസ്.ബി.ഐ. എക്സിലൂടെയാണ് ഓഫീസിലെ ഒഴിഞ്ഞ കസേരുകളുടെ ചിത്രം പങ്കുവെച്ച് ജീവനക്കാരില്ലെന്ന് ഉപഭോക്താവ് ചൂണ്ടിക്കാട്ടിയത്.

ലളിത് സോളങ്കിയെന്ന ചാർട്ടേഡ് അക്കൗണ്ടന്റാണ് എസ്.ബി.ഐയിലെത്തിയപ്പോൾ ജീവനക്കാരില്ലാത്ത സംഭവം സമൂഹമാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ സമയം മൂന്ന് മണിയാണ് എസ്.ബി.ഐയിലെ മുഴുവൻ ജീവനക്കാരും ഭക്ഷണം കഴിക്കാൻ പോയിരിക്കുകയാണെന്നാണ് പറയുന്നത്. തങ്ങളുടെ ജീവനക്കാർക്ക് ഉച്ചഭക്ഷണത്തിനായി പ്രത്യേക സമയമില്ലെന്നാണ് എസ്.ബി.ഐ അറിയിക്കുന്നത്. ലോകം മാറിയാലും എസ്.ബി.ഐ മാറില്ലെന്നായിരുന്നു ലളിത് സോളങ്കിയുടെ എക്സിലെ കുറിപ്പ്.

 

 

സോളങ്കിയുടെ കുറിപ്പ് പ്ര​ത്യക്ഷപ്പെട്ടതിന് പിന്നാലെ ഇതിന് മറുപടിയുമായി എസ്.ബി.ഐ രംഗത്തെത്തി. താങ്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നായിരുന്നു ഉപഭോക്താവിനോടുള്ള എസ്.ബി.ഐയുടെ ആദ്യ പ്രതികരണം. ഇതിനൊപ്പം ബാങ്കിനുള്ളിൽ ഫോട്ടോഗ്രഫിക്കും വിഡിയോഗ്രഫിക്കും നിരോധനമുണ്ടെന്നും സോളങ്കി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടാൽ അതിന് ഉപഭോക്താവ് ഉത്തരവാദിയായിരിക്കുമെന്നും എസ്.ബി.ഐ ഓർമപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ നിന്നും ഉടൻ ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും എസ്.ബി.ഐ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ എസ്.ബി.ഐ ജീവനക്കാരുടെ ഉച്ചഭക്ഷണം സമയം ഏതാണ് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് മറ്റൊരു ഉപഭോക്താവും എക്സിൽ രംഗത്തെത്തി. ഇതിന് മറുപടിയായി ജീവനക്കാർക്ക് പ്രത്യേകമായൊരു ഉച്ചഭക്ഷണ സമയമില്ലെന്നായിരുന്നു എസ്.ബി.ഐയുടെ മറുപടി.