ആഫിസ്‌ സ്‌പേസ്‌ 13% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ആഫിസ്‌ സ്‌പേസ്‌ 13% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

May 30, 2024 0 By BizNews

മുംബൈ: ഓഫിസ്‌ ഷെയറിംഗ്‌ സ്റ്റാര്‍ട്ട്‌-അപ്‌ ആയ ആഫിസ്‌ സ്‌പേസ്‌ സൊല്യൂഷന്‍സിന്റെ ഓഹരികള്‍ ഇന്ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തു. ഇഷ്യു വിലയില്‍ നിന്നും 13 ശതമാനം ഉയര്‍ന്ന നിലയിലാണ്‌ ഓഹരി വ്യാപാരം തുടങ്ങിയത്‌.

383 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ആഫിസ്‌ സ്‌പേസ്‌ സൊല്യൂഷന്‍സ്‌ ഇന്ന്‌ എന്‍എസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌തത്‌ 435 രൂപയിലാണ്‌. അതിനു ശേഷം ഓഹരി വില 451.45 രൂപ വരെ ഉയര്‍ന്നു.

ഐപിഒയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചിരുന്നത്‌. 108.17 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. ചില്ലറ നിക്ഷേപകരുടെ വിഭാഗത്തില്‍ 53.23 മടങ്ങ്‌ സബ്‌സ്‌ക്രിപ്‌ഷനാണ്‌ നടന്നത്‌.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരുന്നു. 599 കോടി രൂപയാണ്‌ ഐപി വഴി കമ്പനി സമാഹരിച്ചത്‌. 128 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 470.93 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ്‌ എസ്‌) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

ഐപിഒ വഴി സമാഹരിക്കുന്ന തുക പുതിയ സെന്ററുകള്‍ സ്ഥാപിക്കുന്നതും മൂലധന ചെലവിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പത്‌ മാസ കാലയളവില്‍ കമ്പനി 18.9 കോടി രൂപയുടെ നഷ്‌ടമാണ്‌ നേരിട്ടത്‌.

മുന്‍വര്‍ഷം സമാന കാലയളവില്‍ നഷ്‌ടം 46.6 കോടി രൂപയായിരുന്നു. 616 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനമാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പത്‌ മാസ കാലയളവില്‍ കമ്പനി നേടിയത്‌. മുന്‍വര്‍ഷം സമാന കാലയളവില്‍ വരുമാനം 545 കോടി രൂപയായിരുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 46.64 കോടി രൂപയുടെ നഷ്‌ടമാണ്‌ കമ്പനി നേരിട്ടത്‌.