മണപ്പുറം ഫിനാന്‍സിന് 2198 കോടി രൂപയുടെ അറ്റാദായം
May 25, 2024 0 By BizNewsകൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് 2023 -2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 47 ശതമാനം വാർഷിക വർധനവോടെ 2198 കോടി രൂപയുടെ സംയോജിത അറ്റാദായം.
2024 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 35.7 ശതമാനം ഉയർന്നു 564 കോടി രൂപയായി. മുന്‍ വര്‍ഷമിതു 415 കോടി രൂപയായിരുന്നു.
കമ്പനിയുടെ ആസ്തി മൂല്യം 18.7 ശതമാനമുയർന്നു 42,070 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിതു 35,428 കോടി രൂപയായിരുന്നു. കമ്പനിയുടെ വാര്‍ഷിക പ്രവര്‍ത്തന വരുമാനം 32 ശതമാനം ഉയർന്നു 8848 കോടി രൂപയായി.
മുന്‍ വര്‍ഷം 6697 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.
“സാമ്പത്തിക വർഷത്തിൽ അറ്റാദായം ശ്രദ്ധേയമായ വളർച്ച കൈവരിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സ്വർണ വായ്പാ ഇതര വിഭാഗങ്ങളായ മൈക്രോഫിനാൻസ്, വാണിജ്യ വാഹന, ഭവന വായ്പാ വിഭാഗങ്ങളുടെ മികച്ച പ്രകടനം പ്രോത്സാഹജനകമാണ്.
പ്രധാന ബിസിനസ് ആയ സ്വർണ വായ്പയിലും മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കാര്യമായ വളർച്ച നേടിയിട്ടുണ്ട്.
ഈ മികച്ച വളർച്ചാനിരക്ക് നിലനിർത്തുക മാത്രമല്ല, വരും വർഷങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നതിൽ സംശയമില്ല,” മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.
സബ്സിഡിയറികള്‍ മാറ്റിനിര്‍ത്തിയുള്ള കമ്പനിയുടെ സ്വര്‍ണ വായ്പാ ആസ്തി മൂല്യം മൂന്നാം പാദത്തേക്കാൾ 3.6 ശതമാനവും കഴിഞ്ഞ വർഷത്തേക്കാൾ 8.9 ശതമാനവും വര്‍ധിച്ച് 21,500 കോടി രൂപയിലെത്തി. 2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 2.5 ദശലക്ഷം സ്വര്‍ണ വായ്പാ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്.
കമ്പനിക്കു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി ഈ സാമ്പത്തിക വര്‍ഷം 18 ശതമാനം വര്‍ധിച്ച് 11881 കോടി രൂപയിലെത്തി ബിസിനസില്‍ മികച്ച വളര്‍ച്ചയാണ് നേടിയത്.
69 ശതമാനമെന്ന മികച്ച വളര്‍ച്ചയോടെ കമ്പനിയുടെ വാഹന ഉപകരണ വായ്പാ വിഭാഗം സാമ്പത്തിക വര്‍ഷത്തെ ആസ്തി മൂല്യം 4111 കോടി രൂപയിലെത്തിച്ചു.
ഭവന വായ്പാ വിഭാഗമായ മണപ്പുറം ഹോം ഫിനാന്‍സ് ആസ്തി മൂല്യത്തില്‍ 38 ശതമാനമാണ് വാർഷിക വളര്‍ച്ച നേടിയത്. ആസ്തി ഇത്തവണ 1510 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം വായ്പാ ബിസിനസില്‍ 49 ശതമാനവും സ്വര്‍ണ ഇതര ബിസിനസില്‍ നിന്നാണ്.
2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ സംയോജിത അറ്റ മൂല്യം 11548 കോടി രൂപയാണ്. കമ്പനിയുടെ ഓഹരിയുടെ ബുക്ക് വാല്യൂ 136.4 രൂപയും പ്രതി ഓഹരിയില്‍ നിന്നുള്ള സംയോജിത വരവ് 26 രൂപയുമാണ്.
മൂലധന പര്യാപ്തതാ അനുപാതം 30.6 ശതമാനമെന്ന ഉയര്‍ന്ന തോതില്‍ തന്നെ നിലനിര്‍ത്തി. അറ്റ നിഷ്ക്രിയ ആസ്തി 1.70 ശതമാനവും മൊത്ത നിഷ്ക്രിയ ആസ്തി 1.93 ശതമാനവുമാണ്.
2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം സബ്സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ സംയോജിത കടം 33654 കോടി രൂപയാണ്.
6.8 ദശ ലക്ഷം സജീവ ഉപഭോക്താക്കളാണ് നിലവില്‍ കമ്പനിക്കുള്ളത്.