കുത്തനെ ഇടിഞ്ഞ് സ്വർണ്ണം; രണ്ട് ദിവസത്തിനിടെ 1520 രൂപ കുറഞ്ഞു
May 24, 2024കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 6640 രൂപയായി കുറഞ്ഞു. പവന് 720 രൂപ കുറഞ്ഞ് 53,120 രൂപയായി .
18 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 80 രൂപ കുറഞ്ഞ് 5520 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 96 രൂപയായി. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കാൻ ഇനിയും വൈകിയേക്കുമെന്ന വാർത്തകൾ സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇതിനൊപ്പം യു.കെയിലെ പണപ്പെരുപ്പം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നതും സ്വർണ്ണവിലയെ സ്വാധീനിക്കുണ്ട്.
കഴിഞ്ഞ ദിവസവും കേരളത്തിൽ സ്വർണ്ണവില കുറഞ്ഞിരുന്നു. സ്വർണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയായി. പവന് 800 രൂപയുടെ കുറവാണുണ്ടായത്. പവന്റെ വില 53840 രൂപയായാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ സ്വർണ്ണവിലയിൽ 1520 രൂപ കുറഞ്ഞു.
സ്വർണ്ണത്തിന്റെ ഭാവി വിലകളും കുറഞ്ഞിട്ടുണ്ട്. എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണ്ണവില രണ്ട് ശതമാനം കുറഞ്ഞു. സ്പോട്ട് ഗോൾഡിന്റെ വില 2,332 ഡോളറായാണ് ഇടിഞ്ഞത്.