റിലയൻസ്-ഡിസ്നി ലയനത്തിന് അനുമതി കാത്ത് മുകേഷ് അംബാനി

റിലയൻസ്-ഡിസ്നി ലയനത്തിന് അനുമതി കാത്ത് മുകേഷ് അംബാനി

May 24, 2024 0 By BizNews

മുംബൈ: കഴിഞ്ഞ ഏതാനും വർഷങ്ങളായി മീഡിയ ബിസിനസിൽ വലിയ തോതിലാണ് മുകേഷ് അംബാനി നിക്ഷേപം വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു ഡീലാണ് ഡിസ്നി ഇന്ത്യയുമായുള്ള 70352 കോടി രൂപയുടെ വലിയ പങ്കാളിത്തം.

മുകേഷ് അംബാനിയുടെ പത്നി നിതാ അംബാനിയായിരിക്കും പുതിയതായി രൂപപ്പെടുന്ന ഈ കമ്പനിയുടെ ചെയർ പേഴ്സൺ. ഈ രണ്ട് ഭീമൻ കമ്പനികൾ കൂടിച്ചേരുമ്പോൾ, കുത്തകയായി മാറാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്. എന്നാൽ അങ്ങനെ സംഭവിക്കില്ലെന്ന് ഇരു കമ്പനികളും പറയുന്നു.

നിലവിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ, ഈ ലയനത്തിന് തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. റോയിട്ടേഴ്സ് റിപ്പോർട്ടുകൾ പ്രകാരം റിലയൻസ്, ഡിസ്നി കമ്പനികൾ നിയമപ്രകാരമുള്ള ആന്റി ട്രസ്റ്റ് ക്ലിയറൻസിനായി ശ്രമിക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വിപണി മൂല്യമുള്ള കായിക ഇവന്റുകളിലൊന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL).

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ICC) മത്സരങ്ങൾക്കും ഉയർന്ന മൂല്യമാണുള്ളത്. ഐ.പി.എൽ ടൂർണമെന്റ്, ഐ,സി.സി നടത്തുന്ന മത്സരങ്ങൾ തുടങ്ങിയവയുടെ ബില്യൺ ഡോളറുകൾ വില മതിക്കുന്ന ഡിജിര്റൽ, ടെലിവിഷൻ ക്രിക്കറ്റ് സംപ്രേക്ഷണ അവകാശം റിലയൻസ്, ഡിസ്നി കമ്പനികൾക്കുണ്ട്.

ഇത്തരത്തിൽ രണ്ട് വലിയ കമ്പനികൾ ഒന്നാകുമ്പോൾ റെഗുലേറ്ററി അതോറിറ്റികളുടെ ഭാഗത്തു നിന്ന് വലിയ തോതിലുള്ള സൂക്ഷ്മ പരിശോധനകളുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ഇരു കമ്പനികളും ഒന്നായി മാറുമ്പോൾ പരസ്യദാതാക്കൾ, ഉപയോക്താക്കൾ തുടങ്ങിയവരുടെ മേൽ കൂടുതൽ മേൽക്കൈ നേടാൻ സാധിക്കുമെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) മുൻ മേധാവി കെ.കെ. ശർമ പറഞ്ഞു.

ക്രിക്കറ്റ് സംപ്രേക്ഷണ അവകാശം തങ്ങൾ വെവ്വേറെ നേടിയതാണെന്നും അത് മത്സര സ്വഭാവമുള്ളതായിരുന്നെന്നും ഇരു കമ്പനികളും കോമ്പറ്റീഷൻ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. 2027,2028 വർഷങ്ങളിൽ ഈ അവകാശങ്ങൾ കാലാവധി പൂർത്തിയാകും.

അപ്പോൾ പുതിയ ബിഡ്ഡിങ് നടക്കുന്നതിനാൽ വിപണിയിൽ തങ്ങളോട് മത്സരിക്കുന്ന മറ്റ് കമ്പനികളെ ഇത് ദോഷകരമായി ബാധിക്കില്ലെന്നാണ് റിലയൻസും, ഡിസ്നിയും പറയുന്നത്.

ഡിസ്നിയുമായുള്ള ഡീൽ പ്രഖ്യാപിക്കുമ്പോൾ റിലയൻസ് 11500 കോടി രൂപയെന്ന ഭീമമായ തുക നിക്ഷേപിക്കുമെന്നാണ് മുകേഷ് അംബാനി അറിയിച്ചിരുന്നത്.

ലയനത്തിനു ശേഷം സ്റ്റാർ വയാകോം 18 (Star-Viacom18) കമ്പനി രാജ്യത്തെ 100ൽ അധികം ടെലിവിഷൻ ചാനലുകളുടെ ഉടമസ്ഥരായി മാറും.

കൂടാതെ പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ ഡിസ്നി+ഹോട്സ്റ്റാർ, ജിയോ സിനിമ എന്നിവയും ഈ കമ്പനിയുടെ കീഴിലാവും.