ബെല്ലിന്റെ നാലാം പാദ അറ്റാദായം 30% ഉയർന്നു
May 22, 2024 0 By BizNewsകേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (ബെൽ) നാലാം പാദത്തിലെ സംയോജിത അറ്റാദായം 30 ശതമാനം വർധിച്ച് 1,797 കോടി രൂപയിലെത്തി.
മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിലിത് 1,382 കോടി രൂപയായിരുന്നു.
ഈ കാലയളവിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 6,479 കോടി രൂപയിൽ നിന്ന് 32 ശതമാനം വർധിച്ച് 8,564 കോടി രൂപയായി ഉയർന്നു.
2023-24 സാമ്പത്തിക വർഷത്തേക്ക് ഓഹരിയൊന്നിന് 0.80 രൂപയുടെ ലാഭവിഹിതം നൽകാൻ ബോർഡ് അംഗീകാരം നൽകി.
മാർച്ച് പാദത്തിൽ കമ്പനിയുടെ വിറ്റുവരവ് 8,335.01 കോടി രൂപയിലെത്തി. മുൻ വർഷത്തെ ഇതേ കാലയളവിൽ കമ്പനി രേഖപ്പെടുത്തിയത് 6,327.48 കോടി രൂപയായിരുന്നു.2024 സാമ്പത്തിക വർഷത്തിൽ 19,819.93 കോടി രൂപയുടെ വിറ്റുവരവ് കമ്പനി റിപ്പോർട്ട് ചെയ്തു. മുൻ വർഷത്തിൽ രേഖപ്പെടുത്തിയ 17,333.37 കോടി രൂപയുടെ വിറ്റുവരവിനെക്കാളും 14.35 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് കമ്പനി നേടിയ മൊത്തം ഓർഡറുകളുടെ വലുപ്പം 75,934 കോടി രൂപയുടേതാണ്.
ഫെബ്രുവരിയിൽ, പ്രതിരോധ മന്ത്രാലയം 11 ശക്തി യുദ്ധ സംവിധാനങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 2,269 കോടി രൂപയുടെ കരാറിൽ ഒപ്പ് വെച്ചു.
ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലുകളിൽ ഇലക്ട്രോണിക് വാർഫെയർ സംവിധാനം സ്ഥാപിക്കാനാണ് പുതിയ പദ്ധതി.
നിലവിൽ ബെൽ ഓഹരികൾ എൻഎസ്ഇ യിൽ 6.11 ശതമാനം ഉയർന്ന് 274.60 രൂപയിൽ വ്യാപാരം തുടരുന്നു.