കേരള ട്രാവൽ മാർട്ട്: 72 വിദേശ രാജ്യങ്ങളില്‍നിന്ന് പ്രതിനിധികളെത്തും
May 22, 2024കൊച്ചി: ആന്‍ഡ് ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ 12-ാമത് ലക്കത്തിലേക്ക് 72 വിദേശരാജ്യങ്ങളില്‍ നിന്ന് ബയര്‍ രജിസ്ട്രേഷന് നടന്നു. ആകെ 592 വിദേശ ബയര്‍മാരും രജിസ്റ്റര്‍ ചെയ്തു. 27 രാജ്യങ്ങള്‍ ഇക്കുറി അധികമെത്തി. സെപ്റ്റംബർ 26 മുതൽ 29 വരെ കൊച്ചി വെല്ലിങ്ടൺ ഐലൻഡിലാണ് ട്രാവൽമാർട്ട് മേള. രാജ്യത്തെ ടൂറിസം മേഖല അഭൂത പൂര്‍വ വളര്‍ച്ച നേടുന്നതിന്റെ സൂചനയാണ് വിദേശ പ്രതിനിധികളില്‍ നിന്നുള്ള മികച്ച പ്രതികരണമെന്ന് കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. ജൂലൈ 31 വരെ രജിസ്ട്രേഷന് അവസരമുള്ളതിനാല്‍ പ്രതിനിധികളുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകുമെന്ന് കെ.ടി.എം സെക്രട്ടറി എസ്. സ്വാമിനാഥന് പറഞ്ഞു.
52 ബയര്‍മാരുമായി ഇക്കുറി യു.കെയാണ് വിദേശ പ്രതിനിധികളില്‍ മുന്നിൽ. യു.എസ്.എ (45), മലേഷ്യ (30) എന്നീ രാജ്യങ്ങളും പിന്നിലുണ്ട്. 26 സംസ്ഥാനങ്ങളില്‍ നിന്നായി 1533 പ്രതിനിധികളും രാജ്യത്തിനകത്തുനിന്ന് ഇതുവരെ രജിസ്റ്റര്‍ ചെയ്തു. മാര്‍ട്ടിലെ സ്റ്റാളുകള്‍ക്കായി 364 പേർ താല്പര്യപത്രം നല്‍കിയിട്ടുണ്ട്. സാഗര,സാമുദ്രിക എന്നീ കണ്വെന്ഷന് സെന്ററുകളിലായി ഒരു ലക്ഷം ചതുരശ്രയടി സ്ഥലമാണ് മാര്‍ട്ടിനായി മാറ്റിവെച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 22 മുതല്‍ 26 വരെ പ്രീ-മാര്‍ട്ട് ടൂര്‍ നടക്കും. മാധ്യമ പ്രവര്‍ത്തകര്‍, േവ്ലാഗര്‍മാര്‍, ഇന്‍ഫ്ലുവന്‍സര്‍മാര്‍ എന്നിവര്‍ക്കാണ് പ്രീ-മാര്‍ട്ട് ടൂര്‍. 30 മുതല്‍ ഒക്ടോബര്‍ നാല് വരെ തെരഞ്ഞെടുക്കപ്പെട്ട ബയര്‍മാരെ ഉള്‍പ്പെടുത്തി പോസ്റ്റ് മാര്‍ട്ട് ടൂറുകളുമുണ്ടാകും. വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ സംസ്ഥാനത്തിന് കൂടുതല്‍ പ്രചാരണം നല്കാന് ഇത്തവണ പദ്ധതിയുണ്ട്. ക്രൂസ് ടൂറിസമാണ് കെ.ടി.എം മുന്നോട്ടുവെക്കുന്ന മറ്റൊരു പദ്ധതി. 2000ൽ സ്ഥാപിതമായ കെ.ടി.എം സൊസൈറ്റിയാണ് കേരള ട്രാവല്‍ മാര്‍ട്ട് നടത്തുന്നത്.