ആറ് അദാനി കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സെബി
May 3, 2024SEBI issues show cause notices to six Adani companies
മുംബൈ: ആറ് അദാനി കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി). കമ്പനികളുടെ ഡയറ്കടർമാർക്ക് വ്യക്തിഗത താൽപര്യമുള്ള ഇടപാടുകൾ നടത്തുമ്പോൾ ഓഹരി ഉടമകളുടെയോ സർക്കാറിന്റെയോ അനുമതി വാങ്ങണമെന്ന് ചട്ടമുണ്ട്. ഇത് ലംഘിച്ചതിനാണ് അദാനി ഗ്രൂപ്പിന് സെബി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഓഹരി വിപണികളിലാണ് സെബി നോട്ടീസ് ലഭിച്ച വിവരം അദാനി ഗ്രൂപ്പ് അറിയിച്ചത്.
സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിലാണ് അദാനി എന്റർപ്രൈസിന് രണ്ട് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. ഇത് കൂടാതെ അദാനി പോർട്സ് ആൻഡ് സ്‍പെഷ്യൽ ഇക്കണോമിക് സോൺ, അദാനി പവർ, അദാനി എനർജി, അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ് തുടങ്ങിയ കമ്പനികൾക്കും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. അതേസമയം, കാരണം കാണിക്കൽ നോട്ടീസുകൾ കാര്യമായ പ്രശ്നങ്ങളുണ്ടാക്കില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ.
അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ഹിൻഡൻബർഗിന്റെ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും അദാനിക്കെതിരെ ഹിൻഡൻബർഗ് ഉയര്‍ത്തുന്നിരുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണികളിൽ അദാനി ഗ്രൂപ്പിന് വൻ തിരിച്ചടിയേറ്റിരുന്നു. സെബി അടക്കമുള്ള ഏജൻസികൾ റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.