ജി.എസ്.ടി പിരിവ് റെക്കോഡിൽ; രണ്ട് ലക്ഷം കോടി കടന്നു
May 1, 2024ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി പിരിവിൽ പുതിയ റെക്കോഡ്. ഏപ്രിൽ മാസത്തിലാണ് ഏറ്റവും കൂടുതൽ തുക ജി.എസ്.ടിയായി പിരിച്ചെടുത്തത്. 2.10 ലക്ഷമാണ് ഏപ്രിലിലെ ജി.എസ്.ടി പിരിവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ജി.എസ്.ടിയിൽ 12.4 ശതമാനം വർധനയുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു.
2024 മാർച്ചിൽ 1.78 ലക്ഷം കോടിയായിരുന്നു ജി.എസ്.ടി പിരിവ്. കഴിഞ്ഞ വർഷം ഏപ്രിലിൽ 1.87 ലക്ഷം കോടി രൂപ ജി.എസ്.ടിയായി ലഭിച്ചിരുന്നു. ആഭ്യന്തര ഇടപാടുകളിലെ 13.4 ശതമാനം വർധനയും ഇറക്കുമതിയിലെ 8.3 ശതമാനം വർധനയും ജി.എസ്.ടി റെക്കോഡിലേക്ക് എത്താനുള്ള കാരണങ്ങളായി. സെൻട്രൽ ജി.എസ്.ടിയായി 43,846 കോടിയും സ്റ്റേറ്റ് ജി.എസ്.ടിയായി 53,538 കോടിയും ഇന്റഗ്രേറ്റഡ് ജി.എസ്.ടിയായി 99,623 കോടിയും പിരിച്ചെടുത്തു. സെസായി 13,260 കോടി രൂപയാണ് പിരിച്ചെടുത്തത്.
റീഫണ്ട് തുകയും കഴിച്ച് 1.92 ലക്ഷം കോടിയാണ് കേന്ദ്രസർക്കാറിന്റെ ജി.എസ്.ടി വരുമാനം. കഴിഞ്ഞ വർഷം ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ 17.1 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ അസമിലാണ് ഏറ്റവും കൂടുതൽ ജി.എസ്.ടി പിരിവിലെ വളർച്ചയുണ്ടായത്. 25 ശതമാനം വളർച്ചയാണ് അസമിലുണ്ടായത്. കേരളത്തിൽ ഒമ്പത് ശതമാനം വളർച്ചയാണ് നികുതി പിരിവിൽ ഉണ്ടായത്.
നേരത്തെ നികുതി പിരിവ് രണ്ട് ലക്ഷം കോടി പിന്നിടുമെന്ന് ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ബ്ലുംബർഗിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. കേന്ദ്ര പരോക്ഷ നികുതി വകുപ്പിന്റെ ചെയർമാൻ സഞ്ജയ് അഗർവാൾ നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രതിമാസം ശരാശരി 1.87 ലക്ഷം കോടി വരെ ജി.എസ്.ടി വരുമാനമായി ലഭിക്കുമെന്ന് പറഞ്ഞിരുന്നു.