കുടുംബവിസ സ്പോൺസർ ചെയ്യുന്നതിനുള്ള വരുമാനപരിധി കുത്തനെ ഉയർത്തി യുകെ
April 13, 2024 0 By BizNewsന്യൂഡല്ഹി: കുടുംബാംഗത്തിന്റെ വിസ സ്പോണ്സര് ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാനപരിധി കുത്തനെ ഉയര്ത്തി യു.കെ. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണിത്.
വരുമാനപരിധി 18,600 പൗണ്ടില് നിന്ന് 29,000 പൗണ്ടായി ഉയര്ത്തി. 55 ശതമാനത്തില് അധികമാണ് വര്ദ്ധന. അടുത്ത വര്ഷം ഇത് 38,700 പൗണ്ടായി വര്ധിപ്പിച്ചേക്കും.
ഇമിഗ്രേഷന് സംവിധാനത്തില് പരിഷ്കാരങ്ങള് കൊണ്ടുവരാനുള്ള വലിയ പദ്ധതി ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ച് ആഴ്ചകള്ക്കുള്ളിലാണ് മാറ്റം. സ്റ്റുഡന്റ് വിസ റൂട്ട് നടപടികള് കര്ശനമാക്കാനുള്ള 2023-മേയ് മാസത്തില് അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്കാരം.
സ്റ്റുഡന്റ് വിസയില് കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയതിനോടൊപ്പം നാഷണല് ഹെല്ത്ത് സര്വീസ് ഉപയോഗപ്പെടുത്തുന്ന വിദേശ പൗരന്മാര്ക്ക് ഹെല്ത്ത് സര്ചാര്ജില് 66 ശതമാനത്തിന്റെ വര്ധനവുമുണ്ട്.
ഈ വര്ഷം നടക്കുന്ന തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം കൂടിയാണ് ഇമിഗ്രേഷന്. സുനകിന്റെ പാര്ട്ടിയായ കണ്സര്വേറ്റീവ്സ് തിരഞ്ഞെടുപ്പില് വലിയ തോല്വി നേരിടുമെന്നാണ് സര്വേകള് സൂചിപ്പിക്കുന്നത്.
കുടിയേറ്റം നിയന്ത്രിക്കാനും രാജ്യത്ത് വരുന്നവര് നികുതിദായകര്ക്ക് ഭാരമാകാതിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ലക്ഷ്യമിട്ടുള്ള സുനകിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ മാറ്റം.
വന് തോതിലുള്ള കുടയേറ്റത്തില് നമ്മള് അവസാന പോയന്റിലെത്തിയെന്നും ബ്രിട്ടീഷ് ജനതയ്ക്ക് സ്വീകാര്യമായ രീതിയില് എണ്ണം കുറയ്ക്കുന്നത് എളുപ്പത്തിലുള്ള പരിഹാരമല്ലെന്നും യു.കെ മന്ത്രി ജെയിംസ് ക്ലവര്ലി പറഞ്ഞു.