സ്വർണ്ണവില വീണ്ടും ഉയർന്നു; ഇന്ന് രണ്ടാമതും വില കൂടി

സ്വർണ്ണവില വീണ്ടും ഉയർന്നു; ഇന്ന് രണ്ടാമതും വില കൂടി

April 9, 2024 0 By BizNews

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഇന്ന് രണ്ടാം തവണയാണ് സ്വർണവില വർധിക്കുന്നത്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവില ഉയർന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന്റെ വില 6600 രൂപയായും പവന്റേത് 52800 രൂപയായും ഉയർന്നു.

ഇന്ന് രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ വില 2343 ഡോളറായിരുന്നു നിരക്ക്. ഉച്ചക്ക് ശേഷം ഡോളർ നിരക്കിൽ മാറ്റം വന്നതോടെ വില 2354 ഡോളറിലേക്ക് ഉയർന്നു. ഇതിന് പിന്നാലെയാണ് കേരളത്തിൽ വീണ്ടും വില വർധനവ് ഉണ്ടായത്. സ്‍പോട്ട് ഗോൾഡിന്റെ വിലയിൽ ഇന്ന് 1.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2,363.42 ഡോളറായാണ് സ്‍പോട്ട് ഗോൾഡിന്റെ വില ഉയർന്നത്.

യു.എസിൽ പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യതയേറെയാണ്. ഇത് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്നാണ്. പ്രതീക്ഷിച്ച നേട്ടം ഡോളറിന് ഉണ്ടാവാത്തതും സ്വർണ്ണവില​യെ സ്വാധീനിക്കുന്നുണ്ട്. ബുധനാഴ്ച വായ്പ പലിശനിരക്കുകൾ നിശ്ചയിക്കാൻ ചേർന്ന ഫെഡറൽ റിസർവ് യോഗത്തിന്റെ മിനുട്സ് പുറത്ത് വരും. ഇതിലുള്ള പരാമർശങ്ങൾ വരും ദിവസങ്ങളിലും സ്വർണ്ണവിലയെ സ്വാധീനിക്കും.