രാജ്യത്തെ മുൻനിര കൺസ്യൂമർ കമ്പനികൾ പ്രതിസന്ധിയിൽ
April 8, 2024 0 By BizNewsകൊച്ചി: കാർഷിക ഉത്പാദന മേഖലയിലെ പ്രതികൂല സാഹചര്യങ്ങൾ കടുത്തത്തോടെ ഉപഭോഗം ഇടിയുന്നതിനാൽ രാജ്യത്തെ മുൻനിര കൺസ്യൂമർ കമ്പനികൾ വലയുന്നു.
കടുത്ത വരൾച്ചയും അതിശൈത്യവും പ്രധാന കാർഷിക മേഖലകളിൽ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതിനാൽ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഉപഭോഗം കുറയുകയാണ്. ഇതോടെ മാർച്ച് മുതൽ നവംബർ വരെയുള്ള മൂന്ന്മാസങ്ങളിൽ മുൻനിരകമ്പനികളുടെ വിറ്റുവരവിലും ലാഭത്തിലും കാര്യമായ വളർച്ചയുണ്ടായില്ല.
അസംസ്‌കൃത സാധനങ്ങളുടെ വിലവർദ്ധന മൂലം വില്പന മാർജിൻ കുറയുന്നതും കമ്പനികൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു.
മുൻനിര ബ്രാൻഡുകളുടെ പ്രധാന ഉത്പന്നങ്ങളുടെ വില്പനയിൽ പോലും വലിയ തളർച്ചയാണുണ്ടായതെന്ന് വ്യാപാരികൾ പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ കൺസ്യൂമർ ഉത്പന്ന കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ മൊത്തം വിറ്റുവരവ് കഴിഞ്ഞ മാസങ്ങളിൽ ഗണ്യമായി കുറഞ്ഞെന്ന് കമ്പനിയുടെ ഡീലർമാർ പറയുന്നു.
കമ്പനിയുടെ മൊത്തം വിറ്റുവരവിൽ മികച്ച വിഹിതം സംഭാവന ചെയ്യുന്ന ഹോംകെയർ ഉത്പന്നങ്ങളുടെ വില്പനയിൽ ഒരു ശതമാനം ഇടിവാണ് ഇക്കാലയളവിൽ ഉണ്ടായത്.
സർഫ്എക്‌സെൽ, കംഫർട്ട് തുടങ്ങിയ പ്രധാന ബ്രാൻഡുകളുടെ വില്പനയിലും തളർച്ച ശക്തമാണ്.
കമ്പോള ഉത്പന്നങ്ങളുടെ വില ഗണ്യമായി കുറഞ്ഞതോടെ ചെറുകിട കമ്പനികളിൽ നിന്നും അതിശക്തമായ മത്സരമാണ് ഹിന്ദുസ്ഥാൻ ലിവറും ഐ.ടി.സിയും വിപ്രോയും ഉൾപ്പെടെയുള്ള വൻകിട ബ്രാൻഡുകൾ നേരിടുന്നത്.
പ്രാദേശിക കമ്പനികൾ വലിയ വിലക്കുറവിൽ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനാൽ ഉപഭോക്താക്കൾ വമ്പൻ ബ്രാൻഡുകളെ ഒഴിവാക്കുന്ന സാഹചര്യമുണ്ടെന്നും വ്യാപാരികൾ പറയുന്നു.
ഉയർന്ന പ്രവർത്തന ചെലവും നികുതി ബാധ്യതകളും കണക്കിലെടുക്കുമ്പോൾ വലിയ കോർപ്പറേറ്റുകൾക്ക് ഉത്പന്നങ്ങളുടെ വില കാര്യമായി കുറയ്ക്കാൻ കഴിയില്ലെന്നും അവർ പറയുന്നു.