സെയിന്റ് ഗിറ്റ്സ് ഫുഡ് ടെക്നോളജി പ്രോഗ്രാമിന് എൻ.ബി.എ അംഗീകാരം
April 5, 2024കോട്ടയം: കേരളത്തിൽ ആദ്യമായി ഒരു കോളജിന്റെ ഫുഡ് ടെക്നോളജി ബി.ടെക് പ്രോഗ്രാമിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻ.ബി.എ) അംഗീകാരം. കോട്ടയം സെയിന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളജിലെ ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ദക്ഷിണേന്ത്യയിൽതന്നെ ഇതിനുമുമ്പ് അപൂർവം കോളജുകൾക്ക് മാത്രമാണ് ഈ അംഗീകാരമുള്ളത്. ഇതോടെ എട്ട് പ്രോഗ്രാമുകൾക്ക് എൻ.ബി.എ അംഗീകാരം നേടിയ കേരളത്തിലെ ഏക ഓട്ടോണമസ് കലാലയമായിരിക്കുകയാണ് സെയിന്റ് ഗിറ്റ്സ്.
ഫുഡ് ടെക്നോളജി രംഗത്തെ അത്യാധുനിക ലാബുകളടക്കം സ്വന്തമായുള്ള ഡിപ്പാർട്ട്മെൻറ് ഇതിനകം സിന്തൈറ്റ് ഗ്രൂപ്, പോബ്സ് അഗ്രോ ഇൻഡസ്ട്രീസ്, ബൈഫ ഡ്രഗ് ലബോറട്ടറീസ്, പ്രിഡോർ ഇൻറർനാഷനൽ, ഫ്യൂച്ചർവൈബ് പ്രൈവറ്റ് ലിമിറ്റഡ്, ബെൽസ് ഫുഡ്സ് ഗ്രൂപ് തുടങ്ങിയ മുൻനിര ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങളുമായി ഗവേഷണപ്രവർത്തനങ്ങൾക്കായി ധാരണപത്രം ഉണ്ടാക്കിയിട്ടുണ്ട്. കോളജിലെ എൻജിനീയറിങ് പഠന ശാഖകൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് (ഐ.ഇ) അക്രഡിറ്റേഷൻ സ്വന്തമാക്കിയിട്ടുണ്ട്.