ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള ഇന്ത്യൻ കമ്പനികളുടെ എണ്ണം എൺപതായി ഉയർന്നു
April 5, 2024 0 By BizNewsകൊച്ചി: ഓഹരി, സാമ്പത്തിക മേഖലകളിലെ മികച്ച മുന്നേറ്റം ഇന്ത്യൻ കമ്പനികളുടെ വിപണി മൂല്യം കുത്തനെ ഉയർത്തുന്നു. ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള ഇന്ത്യൻ കമ്പനികളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം എൺപതായി ഉയർന്നു.
മുൻവർഷം 48 കമ്പനികൾക്ക് മാത്രമാണ് ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുണ്ടായിരുന്നത്.
ടി.വി.എസ് മോട്ടോഴ്സ്, സൈഡസ് ലൈഫ് സയൻസ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയ നിരവധി ചെറുകിട, ഇടത്തരം കമ്പനികൾ ഇത്തവണ ലക്ഷം ക്ളബിൽ പ്രവേശനം നേടി.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 20.15 ലക്ഷം കോടി രൂപയുടെ വിപണി മൂല്യവുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്.
പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസിന് (ടി.സി.എസ്) 14.05 ലക്ഷം കോടി രൂപയുടെയും എച്ച്. ഡി. എഫ്. സി ബാങ്കിന് 11 ലക്ഷം കോടി രൂപയുടെയും വിപണി മൂല്യമുണ്ട്. 7.7 ലക്ഷം കോടി രൂപയാണ് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മൂല്യം.
ഭാരതി എയർടെൽ, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ), എൽ.ഐ.സി, ഹിന്ദുസ്ഥാൻ യുണിലിവർ, ഐ.ടി.സി എന്നിവയാണ് വിപണി മൂല്യത്തിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള പ്രമുഖ കമ്പനികൾ.
കേരളം ആസ്ഥാനമായ കമ്പനികളിൽ 66,900 കോടി രൂപയുടെ വിപണി മൂല്യവുമായി മുത്തൂറ്റ് ഫിനാൻസാണ് മുന്നിൽ.
എഫ്.എ.സി.ടി, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഫെഡറൽ ബാങ്ക്, മണപ്പുറം ഫിനാൻസ് തുടങ്ങിയവ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിപണി മൂല്യത്തിൽ വൻ വളർച്ച നേടി. എങ്കിലും ഒരു ലക്ഷം ക്ളബിലേക്ക് കടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.
ഇന്ത്യൻ കമ്പനികളുടെ മൊത്തം വിപണി മൂല്യം 374 ലക്ഷം കോടി രൂപ.