2023-24 സാമ്പത്തീക വർഷത്തിൽ എണ്ണക്കമ്പനികളുടെ ലാഭം 90,000 കോടി
April 2, 2024 0 By BizNewsകോഴിക്കോട്: പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭം 2023-24 സാമ്പത്തിക വർഷം 90,000 കോടിയെന്നു കണക്കുകൾ പുറത്തുവന്നു. 2022-23 സാമ്പത്തിക വർഷത്തിൽ എണ്ണക്കമ്പനികൾക്ക് 14,600 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്ന സ്ഥാനത്താണ് ഈ സാമ്പത്തിക വർഷം ഇത്രയും ലാഭം നേടാനായത്.
ആഗോള വിപണയിൽ എണ്ണവില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിൽ വില കുറയ്ക്കാതിരുന്നതിനാലാണ് എണ്ണക്കമ്പനികൾക്കു വൻ ലാഭമുണ്ടാകാൻ കാരണം. ലക്ഷക്കണക്കിനു കോടി രൂപ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതിയായി പിഴിഞ്ഞെടുത്തതിനു ശേഷമുള്ളതാണ് എണ്ണക്കന്പനികളുടെ ഈ ലാഭം.
2023-24 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ എണ്ണക്കമ്പനികളുടെ ലാഭം 69,000 കോടി കടന്നിരുന്നു. 2023 ഡിസംബർ 12ന് ബെന്റ് ക്രൂഡ് വില ബാരലിന് 74 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു.
ഒരു മാസത്തോളം ഈ വിലക്കുറവ് തുടർന്നെങ്കിലും എണ്ണവില കുറയ്ക്കുന്നതിനെപ്പറ്റി കേന്ദ്രം ചിന്തിച്ചില്ല. എണ്ണയുടെ അടിസ്ഥാന വിലയേക്കാൾ കൂടുതൽ കേന്ദ്ര-സംസ്ഥാന നികുതികൾ ചുമത്തിയ ശേഷവും അക്കാലത്ത് ലിറ്ററിന് പത്തു രൂപയിലേറെ എണ്ണക്കമ്പനികൾ ലാഭം നേടിയിട്ടും ജനത്തെ കൊള്ളയടിക്കുന്നത് തുടരുകയായിരുന്നു.
മൂന്നാം പാദത്തിനു ശേഷം ആഗോള എണ്ണവില വൻതോതിൽ കൂടിയിട്ടും നാലാം പാദത്തിൽ( ജനുവരി, ഫെബ്രുവരി, മാർച്ച്) വീണ്ടും 21,000 കോടി രൂപയോളം എണ്ണക്കമ്പനികൾക്ക് ലാഭം നേടാൻ കഴിഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതവും പാചകവാതകത്തിന് നൂറു രൂപയും കുറച്ചെങ്കിലും ഈ കാലയളവിലും എണ്ണക്കമ്പനികൾ ലാഭമുണ്ടാക്കിയതായാണ് കണക്കുകൾ കാണിക്കുന്നത്.
ഇതിനു പുറമേ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇതിന്റെ പതിൻമടങ്ങു തുക നികുതിയിലൂടെയും നേട്ടമുണ്ടാക്കി. ബെന്റ് ക്രൂഡ് ബാരലിന് 87.36 ഡോളറായിരുന്നു ഇന്നലെ അന്താരാഷ്ട്ര വിപണിയിലെ വില.
എണ്ണവിലയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് വർഷങ്ങളായി ആവശ്യം ഉയർന്നെങ്കിലും വരുമാന നഷ്ടമുണ്ടാകുമെന്നതിനാൽ ഇക്കാര്യത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കടുത്ത എതിർപ്പാണുള്ളത്.
ജിഎസ്ടി ഏർപ്പെടുത്താത്തതിന് കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം പഴിപറഞ്ഞ് ജനത്തെ വിഡ്ഢികളാക്കുകയാണ്. ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ ജനങ്ങൾക്ക് എഴുപതു രൂപയിൽ താഴെ പെട്രോളും ഡീസലും ലഭിക്കും.
2022 മാർച്ച് മുതൽ ജൂലൈ വരെ, റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നിരുന്നു. 2022 ജൂൺ 13ന് 123 ഡോളർ വരെയായി എണ്ണവില ഉയർന്നിരുന്നു.
കേരളത്തിൽ 2022 മേയിലാണു റിക്കാർഡ് വില പെട്രോളിന് ഈടാക്കിയത്. അന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 117.19 രൂപയായിരുന്നു വില.
ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയർന്ന സമയത്ത് കേന്ദ്ര സർക്കാർ വില നിയന്ത്രണം എണ്ണക്കമ്പനികൾക്കാണെന്നു പ്രഖ്യാപിക്കുകയും ആഗോളവിപണിയിൽ വില കൂടുന്നതിനനുസരിച്ച് വില കൂട്ടുകയും ചെയ്തിരുന്നു. എന്നാൽ ആഗോളവിപണിയിലെ വില ഇടിയാൻ തുടങ്ങിയതോടെ 2022 ജൂലൈ മുതൽ എണ്ണക്കമ്പനികളിൽനിന്നു വിലനിയന്ത്രണം നീക്കി.
2022 ജൂലൈ മുതൽ അടുത്തിടെ ലിറ്ററിന് രണ്ടു രൂപ കുറവു വരുത്തുന്നതു വരെ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും രാജ്യത്തെ പെട്രോൾ-ഡീസൽ വിലയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയാറായിരുന്നില്ല.
ഈ സമയം മുഴുവൻ വിലയേക്കാൾ കൂടുതൽ നികുതിയും എണ്ണക്കമ്പനികളുടെ ലാഭവും ഒക്കെയായി ജനത്തെ പിഴിയുന്നത് തുടരുകയായിരുന്നു.
2022-2023 സാന്പത്തികവർഷത്തിൽ എണ്ണക്കമ്പനികൾക്കുണ്ടായ 14,600 കോടിയുടെ നഷ്ടം നികത്താനെന്ന പേരിലാണു രാജ്യത്തെ എണ്ണവില കുറയ്ക്കാതിരുന്നത്. മൂന്നാം പാദത്തിൽ 69,000 കോടിയുടെ ലാഭക്കണക്ക് പുറത്തുവന്നപ്പോഴും വില കുറയ്ക്കാൻ സർക്കാർ തയാറായില്ല.
എണ്ണവില കുറയ്ക്കുന്നതിനോടു പാർട്ടി വ്യത്യാസമില്ലാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒട്ടും താത്പര്യമില്ല. മാസം തോറും ആയിരക്കണക്കിനു കോടി രൂപയുടെ വരുമാന നഷ്ടമാണ് എണ്ണവില കുറച്ചാൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും ഉണ്ടാവുക.
അതിനാൽ സിപിഎം പോലും എണ്ണവില കുറയ്ക്കണം എന്ന് ആവശ്യപ്പെടുന്നില്ല.