ബോര്‍ഡിങിന് ശേഷം വിമാനം വൈകിയാലും ഇനി ബുദ്ധിമുട്ടേണ്ട; ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ബോര്‍ഡിങിന് ശേഷം വിമാനം വൈകിയാലും ഇനി ബുദ്ധിമുട്ടേണ്ട; ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

April 2, 2024 0 By BizNews

ഡല്‍ഹി: വിമാനം പുറപ്പെടാന്‍ താമസിച്ചാല്‍ ഇനി മണിക്കൂറുകളോളം വിമാനത്തിലിരുന്ന് ബുദ്ധിമുട്ടേണ്ട. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ (BCAS) ഇത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

ബോര്‍ഡിങിന് ശേഷം ദീര്‍ഘനേരം വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് ഇനി വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റിലൂടെ പുറത്തുകടക്കാനാകും. വിമാനക്കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ബിസിഎഎസ് ഡയറക്ടര്‍ ജനറല്‍ സുല്‍ഫിക്കര്‍ ഹസന്‍ അറിയിച്ചു.

യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശം സഹായകരമാകും. ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട സ്‌ക്രീനിങ് ഉള്‍പ്പടെയുള്ള അടിസ്ഥാന നടപടിക്രമങ്ങളുടെ കാര്യത്തില്‍ എയര്‍പോര്‍ട്ട് നടത്തിപ്പുകാര്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തണം.

വിമാനത്തില്‍ നിന്നും യാത്രക്കാരെ തിരിച്ചിറക്കണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് എയര്‍പോര്‍ട്ട്, സുരക്ഷാ ഏജന്‍സികളാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ എയര്‍പോര്‍ട്ട് റണ്‍വേയിലിരുന്ന് യാത്രക്കാര്‍ ഭക്ഷണം കഴിച്ച സംഭവത്തില്‍ ബിസിഎഎസ് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും മുബൈ എയര്‍പോര്‍ട്ട് ഓപ്പറേറ്ററാണ് മിയാലില്‍ നിന്നും പിഴ ഈടാക്കിയിരുന്നു.

1.20 കോടി രൂപയാണ് ഇന്‍ഡിഗോയ്ക്ക് പിഴ ചുമത്തിയത്. മിയാലിന് 60 ലക്ഷം രൂപയും പിഴയായി ചുമത്തി. ബോര്‍ഡിങിന് ശേഷം വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു യാത്രക്കാര്‍ പുറത്തിറങ്ങിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം.

വിമാനങ്ങള്‍ വൈകുന്ന സംഭവങ്ങളും തിരക്കും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഏവിയേഷന്‍ സെക്യൂരിറ്റി വാച്ച്ഡോഗ് ബിസിഎഎസിന്റെ പുതിയ മാര്‍ഗനിര്‍ദേശം.

ബോര്‍ഡിങ്ങിന് ശേഷം വിമാനങ്ങള്‍ വൈകുന്നത് മൂലം മണിക്കൂറുകളോളം യാത്രക്കാര്‍ വിമാനത്തിനകത്ത് കുടുങ്ങിക്കിടക്കേണ്ടി വരുന്നുണ്ട്.