ആവേശമായി കുരുമുളകിന്റെ തിരിച്ചുവരവ്

ആവേശമായി കുരുമുളകിന്റെ തിരിച്ചുവരവ്

April 1, 2024 0 By BizNews

സംസ്ഥാനത്ത്‌ ഈ വർഷത്തെ കുരുമുളക്‌ വിളവെടുപ്പ്‌ പൂർത്തിയായതോടെ ഉൽപാദന മേഖലയിൽനിന്ന് മുഖ്യ വിപണിയിലേക്കുള്ള ചരക്കുവരവ്‌ കുറഞ്ഞു. ഈസ്‌റ്റർ വേളയിൽ ചരക്ക്‌ പ്രവാഹം അന്തർസംസ്ഥാന വാങ്ങലുകാർ പ്രതീക്ഷിച്ചെങ്കിലും അത്‌ സംഭവിക്കാഞ്ഞതിനാൽ ഉൽപന്ന വില ക്വിൻറലിന്‌ 2400 രൂപ പോയവാരം ഉയർന്നു. ഇതിനിടയിൽ വിദേശത്തുനിന്നും വിപണിക്ക്‌ അനുകൂലമായ റിപ്പോർട്ടുകൾ പുറത്തുവന്നത്‌ കയറ്റുമതിക്കാരെ ചരക്ക്‌ സംഭരണത്തിന്‌ പ്രേരിപ്പിച്ചു. വിദേശ ചരക്ക്‌ ഇറക്കുമതിയും തൽക്കാലം കുറയുമെന്ന സൂചനകൾ വിപണിയുടെ അടിയൊഴുക്ക്‌ ശക്തമാക്കാം. പുതിയ സാഹചര്യത്തിൽ ഉത്തരേന്ത്യൻ ലോബി, നിരക്ക്‌ ഉയർത്തുമെന്ന പ്രതീക്ഷയിലാണ്‌ കാർഷിക മേഖല. വാരാന്ത്യം അൺ ഗാർബിൾഡ്‌ 50,400 രൂപയിൽ നിന്നും 52,800 രൂപയായി.

നാളികേരം, വെളിച്ചെണ്ണ

നാളികേര മേഖലക്ക്‌ ഈസ്‌റ്റർ വേളയിൽ തിളങ്ങാനായില്ല, ഇനി പ്രതീക്ഷ റമദാൻ, വിഷു ഡിമാൻഡിലാണ്‌. പച്ചത്തേങ്ങ ലഭ്യത കുറഞ്ഞു. പകൽ താപനില ഉയർന്നു നിൽക്കുന്നതിനാൽ വൻകിട, ചെറുകിട കർഷകർ തേങ്ങാവെട്ടിന്‌ ഉത്സാഹിച്ചു. ഉയർന്ന താപനിലയിൽ ഉണക്കിയെടുക്കുന്ന കൊപ്ര കേടുസംഭവിക്കാതെ കൂടുതൽ നാൾ സൂക്ഷിക്കാനാവും. വിപണിയിൽ വരവ്‌ കുറഞ്ഞത്‌ ഒരു പരിധിവരെ വിലത്തകർച്ചയെ തടയാൻ ഉപകരിച്ചു.

കൊച്ചിയിൽ നൂറുരൂപയുടെ മികവിൽ വെളിച്ചെണ്ണ 14,400ലേക്കും കൊപ്ര 9600 രൂപയായും ഉയർന്നു. കോഴിക്കോട്ട് വില 15,850ലും കൊപ്ര 9900 രൂപയിലുമാണ്‌. അതേസമയം മുഖ്യ വിപണിയായ കാങ്കയത്ത്‌ 9075 രൂപയിലാണ്‌ കൊപ്ര വ്യാപാരം പുരോഗമിക്കുന്നത്‌.

കാപ്പി

കാപ്പി വിപണി ചൂടുപിടിച്ചതോടെ കർഷകർ ഉൽപന്നം വിറ്റുമാറാൻ ഉത്സാഹിച്ചു. കട്ടപ്പന വിപണിയിൽ റോബസ്‌റ്റ കിലോ 178 രൂപയിലും പരിപ്പ്‌ 310 രൂപയിലും വിപണനം നടന്നു. വയനാടൻ ഉണ്ടക്കാപ്പി 54 കിലോ 10,000 രൂപയിലെത്തി, അഞ്ചക്കത്തിലേക്ക്‌ ഉൽപന്ന വില ഉയർന്നത്‌ കർഷകരെയും സ്‌റ്റോക്കിസ്‌റ്റുകളെയും ആവേശം കൊള്ളിച്ചു. കാപ്പിപ്പരിപ്പ്‌ വില 32,500 രൂപ.

ആഗോള വിപണിയിലെ ചരക്കുക്ഷാമം തുടരുന്നു. പ്രതികൂല കാലാവസ്ഥയിൽ ബ്രസീലിൽ ഉൽപാദനം ചുരുങ്ങിയത്‌ വിലക്കയറ്റത്തിന്‌ വേഗത പകർന്നു. അതേസമയം ജനുവരി-മാർച്ച്‌ കാലയളവിൽ വിയറ്റ്നാം 7,99,000 ടൺ കാപ്പി കയറ്റുമതി ചെയ്തു. 2024 ആദ്യ മൂന്നുമാസത്തെ കയറ്റുമതി മുൻവർഷം ഇതേ കാലയളവിനേക്കാൾ 44.4 ശതമാനം വർധിച്ച സാഹചര്യത്തിൽ രാജ്യാന്തര കാപ്പി വിലയിൽ സാങ്കേതിക തിരുത്തലുകൾക്ക്‌ സാധ്യതയുണ്ട്.