വില ഇടിഞ്ഞ് വെറ്റില; കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍
March 9, 2024അടൂര്‍: വെറ്റില കച്ചവടം കുറഞ്ഞതോടെ പരമ്പരാഗത കര്‍ഷകർക്ക് ദുരിതം. ഇപ്പോള്‍ ഒരു അടുക്ക് വെറ്റിലക്ക് 30 മുതല്‍ 40 രൂപ വരെയും ചില സമയങ്ങളില്‍ 60 മുതല്‍ 70 രൂപ വരെയുമാണ് വില നിലവാരം. മുമ്പിത് 100 മുതല്‍ 120 വരെയായിരുന്നു. പരമ്പരാഗത കര്‍ഷകര്‍ പലരും കൃഷി നിര്‍ത്തിയവരാണ്. മഴ, വെള്ളപ്പൊക്കം, കീടനാശിനിയുടെ ഉപദ്രവം എന്നിവയാണ് വെറ്റില കൃഷി നിര്‍ത്താന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.
തമിഴ്നാട്ടിലും വില്‍പ്പനയില്‍ കനത്ത ഇടിവാണ്. 3000 അടുക്ക് വെറ്റില വരെ എടുത്തിരുന്ന തമിഴ്നാട്ടിലെ വ്യാപാരികള്‍ ഇപ്പോള്‍ 1000 അടുക്ക് എടുത്താലായെന്ന സ്ഥിതിയാണ്
ചില മരുന്നുകള്‍ക്കും സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉണ്ടാക്കാനും വെറ്റില ഉപയോഗിക്കുന്നുണ്ട്. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ വെറ്റില ചന്തയായിരുന്നു പത്തനംതിട്ട ജില്ലയിലെ നെല്ലിമുകള്‍. കൊറോണയുടെ കടന്നുവരവിന് ശേഷം കച്ചവടം നിലച്ചു.
കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, പത്തനാപുരം, കൊടുമണ്‍, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുപോലും ഇവിടേക്ക് കെട്ടുകണക്കിന് വെറ്റില കര്‍ഷകര്‍ എത്തിച്ചിരുന്നു.
തിരൂര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി ഭാഗങ്ങളില്‍ ചുരുക്കം വെറ്റില ചന്ത നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സജീവമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.