ശബരി കെ-റൈസ് വിതരണം 12 മുതൽ
March 8, 2024 0 By BizNewsതിരുവനന്തപുരം: സപ്ലൈകോ വഴി സബ്സിഡിയായി നൽകിയിരുന്ന 10 കിലോഗ്രാം അരിയിൽ 5 കിലോഗ്രാം ‘ശബരി കെ റൈസ്’ എന്ന ബ്രാൻഡിൽ വിപണിയിൽ എത്തും.
ജയ അരി കിലോഗ്രാമിന് 29 രൂപ നിരക്കിലും കുറുവ, മട്ട ഇനങ്ങളിലെ അരി 30 രൂപ നിരക്കിലും റേഷൻ കാർഡ് ഉടമകൾക്കു നൽകും. ഏറെ നാളായി സപ്ലൈകോ വഴി സബ്സിഡി അരി വിതരണം നിലച്ചിരുന്നു.
ഇതു പുനരാരംഭിക്കുന്നതിനായി ഇ ടെൻഡർ ക്ഷണിച്ചതോടെ റെയ്ഡ്കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വഴി എത്തിക്കുന്ന അരിയാണ് കെ റൈസ് ബ്രാൻഡിൽ എത്തുന്നത്.
കെ റൈസ് അരിയുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 12നു തിരുവനന്തപുരത്തു മുഖ്യമന്ത്രി നിർവഹിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാകും വിതരണത്തിനെത്തുക.
ബാക്കി 5 കിലോഗ്രാം സബ്സിഡി അരി പിന്നീടു വാങ്ങാൻ കാർഡ് ഉടമകൾക്കു സൗകര്യമുണ്ടാകും. ഒരു മാസത്തേക്കു മാത്രമായി കെ റൈസ് പ്രത്യേക സഞ്ചിയിൽ നൽകും. സഞ്ചിക്കുള്ള ചെലവാകുന്ന 10 മുതൽ 13 വരെ രൂപ സപ്ലൈകോയുടെ പരസ്യ ഇനത്തിൽ നിന്നു കണ്ടെത്തും.
തുടർന്നുള്ള മാസങ്ങളിൽ സാധാരണ പോലെ കാർഡ് ഉടമകൾക്കു സ്വന്തം സഞ്ചിയുമായി എത്തി വാങ്ങാം.
കേന്ദ്ര സർക്കാരിന്റെ ഭാരത് അരിയുടെ വിതരണത്തെ നേരിടാനാണോ കെ റൈസ് എന്ന ചോദ്യത്തിന് എഫ്സിഐയിൽ നിന്നു 18.59 രൂപയ്ക്കു ലഭിക്കുന്ന റേഷൻ അരിയാണ് 10.41 രൂപ വരെ വില കൂട്ടി ‘ഭാരത് അരി’ എന്ന പേരിൽ കേന്ദ്ര ഏജൻസികൾ വിൽപന നടത്തുന്നതെന്നു മന്ത്രി അനിൽ പ്രതികരിച്ചു.
ഇ ടെൻഡർ വഴി കിലോഗ്രാമിന് 40 രൂപയ്ക്കു വരെ വാങ്ങുന്ന അരി 10 രൂപ വരെ വില കുറച്ചാണ് കെ റൈസ് ആയി നൽകുന്നത്. ഗുണനിലവാരം ഉറപ്പാക്കിയാണു അരി സംഭരിച്ചത്.