അച്ചടി പരസ്യ വരുമാനത്തിൽ 7% വർധന
March 7, 2024 0 By BizNewsകൊച്ചി: അച്ചടി മാധ്യമങ്ങളിലേക്ക് പരസ്യങ്ങൾ വൻ തോതിൽ തിരിച്ചു വരുന്നു. കോവിഡ്കാലത്ത് ഡിജിറ്റലിലേക്കും സോഷ്യൽ മീഡിയയിലേക്കും മാറിയ പരസ്യങ്ങളുടെ ചെലവ് ഇക്കൊല്ലം അച്ചടിയിൽ 20,000 കോടി കടക്കുമെന്നാണ് വിലയിരുത്തൽ.
ആഗോള തലത്തിൽ ആകെ പരസ്യച്ചെലവിന്റെ 3% മാത്രമാണ് അച്ചടിക്ക്. എന്നാൽ, ഇന്ത്യയിൽ 19 ശതമാനവും പത്രങ്ങൾ പ്രധാന പങ്കുവഹിക്കുന്ന അച്ചടി മാധ്യമങ്ങളിലാണ്. ലോകത്തു തന്നെ ഏറ്റവും കൂടുതലാണിതെന്ന് മാഡിസൺ അഡ്വർടൈസിങ് റിപ്പോർട്ടിൽ പറയുന്നു.
വിട്ടുമാറാത്ത പത്രവായനാ ശീലവും പാരമ്പര്യവുമാണു കാരണമെന്ന് മാഡിസൺ വേൾഡ് ചെയർമാൻ സാം ബൽസാര ചൂണ്ടിക്കാട്ടി.
അച്ചടിക്കു കിട്ടുന്ന പരസ്യവരുമാനത്തിൽ 7% വർധന കഴിഞ്ഞ വർഷം ഉണ്ടായി. കോവിഡിനു മുൻപുള്ള സ്ഥിതിയിലെത്തുകയും ചെയ്തു.
വായനക്കാർ ഡിജിറ്റൽ ലോകവും സോഷ്യൽ മീഡിയയും മടുത്ത് അച്ചടി മാധ്യമങ്ങളിലേക്കു തിരിച്ചു വരുന്ന പ്രവണത കൂടുന്നത് ഇതിനു കാരണമാണെന്നു ബാങ് ഇൻ ദ് മിഡിൽ മാനേജിങ് പാർട്നർ പ്രതാപ് സുതൻ പറയുന്നു.
കഴിഞ്ഞ 3 വർഷം ഇന്ത്യയിൽ അച്ചടി രംഗത്തെ പരസ്യ വരുമാനം
2021–16595 കോടി രൂപ
2022–18470 കോടി രൂപ
2023–19250 കോടി രൂപ
കേരളത്തിൽ ഏറെ മുന്നിൽ അച്ചടി പരസ്യം
കേരളത്തിലെ പരസ്യച്ചെലവിന്റെ 40% അച്ചടിക്കാണ്. ഐആർഎസ് ഡേറ്റ അനുസരിച്ച് ഡിജിറ്റൽ മാധ്യമങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് അച്ചടി മാധ്യമങ്ങളുടെ വായനക്കാരിലുള്ള സ്വാധീനം.
ദേശീയ ശരാശരിയുടെ നാലിരട്ടിയാണ് കേരളത്തിൽ പത്രങ്ങളുടെ വ്യാപനം.