റിലീസ് ചെയ്ത് പത്താം ദിനത്തിൽ  ‘ഭ്രമയുഗം’ 50 കോടി ക്ലബ്ബിൽ

റിലീസ് ചെയ്ത് പത്താം ദിനത്തിൽ ‘ഭ്രമയുഗം’ 50 കോടി ക്ലബ്ബിൽ

February 27, 2024 0 By BizNews

ഭ്രമയുഗം 50 കോടി ക്ലബിലെത്തിയോടെ അപൂർവ നേട്ടത്തിനുടമയായി മമ്മൂട്ടി. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗ ഫെബ്രുവരി 15നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് പത്താം ദിനത്തിലാണ് ഭ്രമയുഗം അൻപത് കോടി ക്ലബ്ബിലെത്തിയത്.

തുടര്‍ച്ചയായ മൂന്ന് വര്‍ഷം 50 കോടി കലക്‌ഷന്‍ നേടിയ ആദ്യമലയാള നടന്‍ എന്ന റെക്കോര്‍ഡാണ് മമ്മൂട്ടി സ്വന്തം പേരില്‍ ചേര്‍ത്തത്. 2023ല്‍ റിലീസ് ചെയ്ത കണ്ണൂര്‍ സ്ക്വാഡും 2022ല്‍ റിലീസ് ചെയ്ത ഭീഷ്മ പര്‍വവും 50 കോടി ക്ലബ്ബിലെത്തിയിരുന്നു.

ഒപ്പം ഇന്ത്യന്‍ സിനിമയില്‍ തന്നെ 50 കോടി നേടിയ ആദ്യ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം എന്ന അപൂര്‍വത കൂടി ഭ്രമയുഗത്തിനുണ്ട്.

ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുങ്ങിയ പരീക്ഷണ ചിത്രം ഇത്ര വലിയ കലക്ഷന്‍ നേടിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം വലിയ ചർച്ചയാണ്.

മമ്മൂട്ടിയുടെ പ്രകടനം വലിയ രീതിയില്‍ നിരൂപക പ്രശംസ നേടിയിരുന്നു. രാഹുലിന്‍റെ സംവിധാനത്തിനൊപ്പം ടി.ഡി. രാമകൃഷ്ണന്‍റെ സംഭാഷണങ്ങളും ശ്രദ്ധേയമായി.
കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം.

പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു. രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ. ‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഭ്രമയുഗം’.

വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊ‍ഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.