യാത്രാബസ്സുകളുടെ ഉപയോഗ കാലാവധി 20 വര്‍ഷമായി വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി
September 29, 2018സംസ്ഥാനത്തെ യാത്രാബസുകളുടെ ഉപയോഗ കാലാവധി 15 വര്‍ഷത്തില്‍ നിന്നും 20 ആയി വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വകാര്യബസ് സംഘടനകളുടെ നിവേദനത്തെ തുടര്‍ന്നാണ് നടപടി. അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ബസുകളുടെ ഉപയോഗ കാലാവധി 15 വര്‍ഷമായി 2004 ല്‍ സര്‍ക്കാര്‍ നിജപ്പെടുത്തിയത്. പെര്‍മിറ്റ് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയാണ് ബസുകളുടെ ഉപയോഗപരിധി നിശ്ചയിച്ചത്. ഇതിനെതിരേ സ്വകാര്യബസുടമകള്‍ കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ തീരുമാനം ശരിവയ്ക്കുകയായിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.
ബസുടമകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ സാങ്കേതിക സമിതി ബസുകളുടെ ഉപയോഗപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച് മുമ്പ് പഠനം നടത്തിയിരുന്നു. ഇതിലും ബസുകളുടെ ഉപയോഗപരിധി കൂട്ടേണ്ടെന്ന നിര്‍ദേശമാണ് സര്‍ക്കാരിന് ലഭിച്ചത്. മലിനീകരണം വര്‍ധിക്കുന്നതിനാല്‍ പഴയവാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച വേളയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകിച്ച് പഠനമൊന്നും നടത്താതെ ബസുകളുടെ ഉപയോഗപരിധി നീട്ടിനല്‍കിയത്. കെ.എസ്.ആര്.ടി.സി.ക്കും തീരുമാനം പ്രയോജനപ്പെടുമെങ്കിലും പഴയബസുകള്‍ തുടര്‍ന്ന് ഉപയോഗിക്കുന്നത് സാമ്പത്തിക ബാധ്യതയാണെന്നാണ് കെ.എസ്.ആര്.ടി.സി.യുടെ നിഗമനം. ഓര്‍ഡിനറി ബസുകളുടെ ഉപയോഗപരിധി 15 വര്ഷത്തിനുമേല് ഉയര്‍ത്താന്‍ കെ.എസ്.ആര്.ടി.സി.യും ആവശ്യപ്പെട്ടിരുന്നില്ല.
മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ ഭേദഗതികള്‍, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള ബസ് ബോഡികോഡ് നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്നിവ കണക്കിലെടുത്താണ് സ്റ്റേജ് കാര്യേജുകളുടെ കാലദൈര്‍ഘ്യം 15 വര്‍ഷത്തില്‍ നിന്നും 20 വര്‍ഷമായി ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. കേരള മോട്ടോര്‍ വാഹനചട്ടങ്ങളില്‍ ഇതു സംബന്ധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തും.