കുതിച്ചുയർന്ന് വെളുത്തുള്ളി വില; ചില്ലറ വിൽപന 500 രൂപ വരെ
February 14, 2024പാലക്കാട്: വെളുത്തുള്ളിയുടെ വില കുതിച്ചുയരുന്നു. പാലക്കാട് ജില്ലയിൽ മൊത്തവിൽപന 450 രൂപയാണെങ്കിലും ചില്ലറ വിൽപന 500 രൂപ വരെ എത്തി. കഴിഞ്ഞയാഴ്ച 300-350 രൂപ വരെയായിരുന്നു വില. 100 ഗ്രാം വില 50 രൂപയെന്ന ബോർഡ് കടകളിൽ സ്ഥാനം പിടിച്ചതോടെയാണ് വില ഇത്രയും ഉയരത്തിലെത്തിയെന്ന് പലരുമറിയുന്നത്.
കേരളത്തിൽ വെളുത്തുള്ളി ഉൽപാദനം കാര്യമായി ഇല്ലാത്തതിനാൽ അയൽ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കൂടുതലായെത്തുന്നത് തമിഴ്‌നാട്ടിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമാണ്. കാലാവസ്ഥ വ്യതിയാനം ഇത്തവണ വെളുത്തുള്ളി കൃഷിയെ കാര്യമായി ബാധിച്ചിരുന്നു. ഒരു കിലോ രണ്ട് ദിവസം കടയിലെ ചാക്കിലിരുന്നാൽ 100-150 ഗ്രാം വീതം കുറയും.
ഇപ്പോഴത്തെ വിലയിൽ ഇത് നഷ്ടത്തിനിടയാക്കുമെന്ന് വ്യാപാരികൾ പറയുന്നു. കോയമ്പത്തൂർ എം.ജി.ആർ മാർക്കറ്റിൽ പ്രതിദിനം 10 ലോഡ് വരെ വെളുത്തുള്ളി എത്തിയിരുന്നത് കഴിഞ്ഞദിവസങ്ങളിൽ രണ്ട്, മൂന്ന് ലോഡായി കുറഞ്ഞു.