പുനരുപയോഗ ഊര്‍ജ്ജ ശേഷിയിൽ അതിവേഗത കൈവരിച്ച് ഇന്ത്യ

പുനരുപയോഗ ഊര്‍ജ്ജ ശേഷിയിൽ അതിവേഗത കൈവരിച്ച് ഇന്ത്യ

February 12, 2024 0 By BizNews

ബെംഗളൂരു: നിലവില്‍ ഇന്ത്യയുടെ ഊര്‍ജാവശ്യത്തിന്റെ 44 ശതമാനവും ഫോസില്‍ ഇതര സ്രോതസ്സുകളില്‍ നിന്നാണ് വരുന്നതെന്നും 2030 ഓടെ ഇത് 65 ശതമാനത്തിലെത്തുമെന്നും കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രി ആര്‍കെ സിംഗ്.

2021 ലെ കാലാവസ്ഥാ സമ്മേളനത്തിന്റെ ഭാഗമായുള്ള കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (സിഒപി) യില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ വളരെ കൂടുതലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021 ല്‍ ഗ്ലാസ്‌കോയില്‍ നടന്ന സിഒപി സമ്മിറ്റില്‍ 500 ജിഗാവാട്ട് നോണ്‍-ഫോസില്‍ വൈദ്യുതി കപ്പാസിറ്റിയിലെത്തുക, എല്ലാ ഊര്‍ജാവശ്യങ്ങളുടെയും പകുതിയും പുനരുപയോഗിക്കാവുന്നവയില്‍ നിന്ന് ഉത്പാദിപ്പിക്കുക, 2030 ഓടെ ഉദ്വമനം 1 ബില്യണ്‍ ടണ്‍ കുറയ്ക്കുക എന്നിവ ഉള്‍പ്പെടുന്നു.

‘2030ഓടെ നമ്മുടെ ശേഷിയുടെ 50 ശതമാനവും ഫോസിലുകളല്ലാത്തതും കൂടുതലും പുനരുപയോഗിക്കാവുന്നവയുമാകുമെന്ന് സിഒപി 26ല്‍ ലക്ഷ്യമിടുന്നു,’ കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ 103,000 മെഗാവാട്ട് പുനരുപയോഗിക്കാവുന്ന ശേഷിയുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും 71,000 മെഗാവാട്ട് ലേലത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ പ്രതീശീര്‍ഷ കാര്‍ബണ്‍ പുറന്തള്ളല്‍ 2.6 ടണ്‍ ആണ്. എന്നാല്‍ ആഗോള തലത്തില്‍ 6.8 ടണ്ണാണ്. വികസിത രാജ്യങ്ങള്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചാണ് മുന്നേറിയത്.
വികസ്വര രാജ്യങ്ങള്‍ക്ക് വികസിക്കുന്നതിന് കാര്‍ബണ്‍ സ്‌പേസ് ആവശ്യമാണെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

വികസിത രാജ്യങ്ങളുടെ പ്രതിശീര്‍ഷ പുറന്തള്ളല്‍ ആഗോള ശരാശരിയുടെ നാലിരട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.