വളർച്ചാ ലക്ഷ്യം കുറച്ച് റിസർവ് ബാങ്ക്
February 10, 2024 0 By BizNewsകൊച്ചി: അടുത്ത സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ ലക്ഷ്യം റിസർവ് ബാങ്ക് ഏഴ് ശതമാനമായി കുറച്ചു. ഇക്കാലയളവിൽ 7.3 ശതമാനം വളർച്ച നേടുമെന്നാണ് നേരത്തെ വിലയിരുത്തിയിരുന്നത്. ഇന്നലെ പ്രഖ്യാപിച്ച ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ലെങ്കിലും നാണയപ്പെരുപ്പ നിയന്ത്രണ നടപടികളിൽ നിന്നും ഭാഗികമായി പിന്മാറുകയാണെന്നും സൂചനയുണ്ട്.
ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും ക്രൂഡ് വിപണിയിലെ അനിശ്ചിതത്വവും ശക്തമാണെങ്കിലും നടപ്പു സാമ്പത്തിക വർഷം നാണയപ്പെരുപ്പം ലക്ഷ്യമിട്ട 5.4 ശതമാനമായി നിലനിറുത്താനാകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു. 2024-25 വർഷത്തിൽ നാണയപ്പെരുപ്പം 4.5 ശതമാനത്തിലേക്ക് താഴുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക മേഖലയിലുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ കഴിയുന്ന വിധത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 62250 കോടി ഡോളറെന്ന സുസ്ഥിര നിലവാരത്തിലാണ്.
രാജ്യത്തെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ബാലൻസ് ഷീറ്റിൽ ആരോഗ്യകരമായ വളർച്ചയാണ് ദൃശ്യമാകുന്നതെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. സ്വകാര്യ മേഖലയിൽ മൂലധന നിക്ഷേപം വർദ്ധിക്കുന്നതിനാൽ വളർച്ച സംബന്ധിച്ച് ആശങ്കകളില്ല.
അമേരിക്കൻ ഡോളർ അതിശക്തമാകുമ്പോഴും രൂപയുടെ മൂല്യം സ്ഥിരതയോടെ നീങ്ങുകയാണെന്നും ശക്തികാന്ത് ദാസ് കൂട്ടിച്ചേർത്തു.
പണ ഇടപാടുകളിൽ ഒ.ടി.പിക്ക് ബദൽ വരുന്നു
ഡിജിറ്റൽ ഇടപാടുകളിലെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നതിനായി ബദൽ സാദ്ധ്യതകൾ ഒരുക്കാൻ റിസർവ് ബാങ്ക് തയ്യാറെടുക്കുന്നു.
വൺ ടൈം പാസ്‌വേഡുകൾക്ക്(ഒ.ടി.പി) ബദലായി ഇടപാടുകളുടെ ആധികാരികത ഉറപ്പുവരുത്താനായി പുതിയ സംവിധാനത്തിന് രൂപം നൽകുമെന്ന് ശക്തികാന്ത് ദാസ് പറഞ്ഞു. ഇതോടൊപ്പം നെറ്റ്‌വർക്കില്ലാത്ത സ്ഥലങ്ങളിൽ ഡിജിറ്റൽ ഇടപാടുകൾ സാദ്ധ്യമാക്കുന്നതിന് സാങ്കേതിക സൗകര്യമൊരുക്കും.
സെപ്തംബറിന് ശേഷം ഇ.എം.ഐ കുറഞ്ഞേക്കും
മുഖ്യ നിരക്കിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ലെങ്കിലും സെപ്തംബറിന് ശേഷം ബാങ്കുകൾ ഭവന വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക(ഇ.എം.ഐ) ഒരു ശതമാനം വരെ കുറച്ചേക്കും. ധനകമ്മി കുറയ്ക്കാനുള ്ള കേന്ദ്ര സർക്കാരിന്റെ തീരുമാനവും നാണയപ്പെരുപ്പം ഗണ്യമായി കുറയാനുള്ള സാദ്ധ്യതയും പലിശ കൂറയുമെന്ന സൂചനയാണ് നൽകുന്നത്.