സംസ്ഥാനത്ത് ‘ഭാരത് അരി’ വിൽപന തുടങ്ങി
February 8, 2024തൃശൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ‘ഭാരത്’ അരി കേരളത്തില്‍ വിൽപന തുടങ്ങി. തൃശൂരിലായിരുന്നു ആദ്യ വില്പന. കിലോക്ക് 29 രൂപയാണ് വില. തൃശൂരില്‍ ഒരു മണിക്കൂറിനകം 150 ചാക്ക് പൊന്നി അരി വിറ്റു. സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ അരി എത്തിക്കുന്നുണ്ട്. നാഷനൽ കോ ഓപറേറ്റിവ് കൺസ്യൂമർ ഫെഡറേഷനാണ് വിതരണച്ചുമതല.
കടലപ്പരിപ്പും പൊതുവിപണിയിലേതിനേക്കാൾ കുറഞ്ഞ വിലക്ക്, കിലോക്ക് 60 രൂപക്ക് ലഭിക്കും. എഫ്.സി.ഐ ഗോഡൗണുകളിൽനിന്ന് അരിയും പരിപ്പും പ്രത്യേകം പാക്ക് ചെയ്താണ് വിതരണത്തിന് എത്തിക്കുന്നത്.
മില്ലേഴ്സ് അസോസിയേഷൻ മുഖേനയാണ് വിതരണം. അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കാനാണ് ശ്രമമെന്ന് എന്‍.സി.സി.എഫ് വൃത്തങ്ങള്‍ പറയുന്നു. തൃശൂർ ജില്ലയിലെ പട്ടിക്കാട്, ചുവന്നമണ്ണ്, മണ്ണുത്തി ഭാഗങ്ങളിലാണ് അരി വിറ്റത്. ഓൺലൈൻ മുഖേന വാങ്ങാൻ ഉടൻ സൗകര്യം ഏർപ്പെടുത്തുമെന്നും ഒരാഴ്ചക്കകം അരി വിൽപന ശാലകൾ തുടങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.