മാവ് പൂക്കാന്‍ വേണ്ടി ചെയ്യേണ്ടത്….
September 28, 2018ഇന്ത്യയില്‍ ആദ്യം മാവ് പൂക്കുന്നത് കേരളത്തിലാണ്. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ പാലക്കാട്ടെ മുതലമടയില്‍ നിന്നുള്ള മാമ്പഴം ഉത്തരേന്ത്യന്‍ വിപണയിലെത്തും. കിലോയ്ക്ക് അഞ്ഞൂറ് രൂപയായിരിക്കും വില. അതിന് ശേഷം തമിഴ്നാട്, ആന്ധ്ര, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലുള്ള വിപണിയിലേക്ക് പോകും. അങ്ങനെ മാങ്ങാക്കാലം അവസാനിക്കും.
നവംബര്‍-ഡിസംബര്‍ ആകുമ്പോള്‍ മാവ് പൂക്കാന്‍ തുടങ്ങും. സാധാരണ ഗതിയില്‍ മാവ് പൂത്ത് കഴിഞ്ഞാല്‍ മാങ്ങയായി മൂപ്പെത്താന്‍ തൊണ്ണൂറ് ദിവസം വേണം. ചിലയിനങ്ങള്‍ക്ക് 100-105 ദിവസം വരെയെടുത്തേക്കാം.
ആദ്യം വിപണിയിലെത്തുന്നവരില്‍ പ്രധാനികള്‍ പ്രിയൂര്‍, മൂവാണ്ടന്‍, സിന്ദൂരം , ചന്ദ്രക്കാരന്‍ എന്നിവയാണ്. നമ്മുടെ തൊടിയിലെ മാവുകള്‍ നന്നായി പൂക്കുന്നതിനായി ഉടനെ ചെയ്യാവുന്ന കാര്യങ്ങള്‍ ഇവയാണ്.
1. മാവിന്റെ ബലം കുറഞ്ഞതും അസുഖം വന്നതും വളഞ്ഞ് അകത്തേക്ക് വളരുന്നതുമായ ശിഖരങ്ങള്‍ മുറിച്ച് മാറ്റി മുറിപ്പാടില്‍ കുമിള്‍ നാശിനി പുരട്ടണം. മാവിന്റെ ശിഖരങ്ങളില്‍ വെയില്‍ നന്നായി തട്ടണം.
2. മാവിന്റെ ചുവട്ടില്‍ വലിയ ആഴത്തിലല്ലാതെ , എന്നാല്‍ കുറച്ച് വേരുകളെങ്കിലും തെളിഞ്ഞു കാണത്തക്കരീതിയില്‍ തടംതുറന്ന് മൂന്ന് ആഴ്ച വെയില്‍ കൊള്ളിക്കുക.
അതിനുശേഷം ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ചാമ്പല്‍ എന്നിവ ചേര്‍ത്ത് കുഴിയില്‍ ചെറുതായി മണ്ണിട്ട് മൂടി നന്നായി ചപ്പുചവറുകള്‍ ഇട്ട് നന്നായി നനയ്ക്കുക. മാവിനെ ഒന്നു ക്ഷീണിപ്പിച്ച ശേഷം പിന്നീട് നന്നായി പരിപാലിക്കുമ്പോള്‍ കൂടുതല്‍ പൂക്കളുണ്ടാകാനുള്ള പ്രവണത കാണുന്നു.
3. പൊട്ടാസ്യം നൈട്രേറ്റ് ( 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിച്ചതിനു ശേഷം ) ഒരാഴ്ച കഴിഞ്ഞ് കാല്‍സ്യം നൈട്രേറ്റ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒരു മില്ലി സ്റ്റാനോവെറ്റ് ചേര്‍ത്ത് ഇലകള്‍ കുളിപ്പിച്ച് തളിക്കുക.
4. വളരെ വര്‍ഷങ്ങളായി പൂക്കാതെ നില്‍ക്കുന്ന മാവുകളില്‍ തായ്ത്തടിയിലെ തൊലി ഒരു മോതിരവളയത്തിന്റെ വീതിയില്‍ നീക്കം ചെയ്യുന്നത് പൂക്കുന്നതിന് കാരണമാകുന്നു എന്നു നിരീക്ഷിച്ചിട്ടുണ്ട്. 2 സെന്റീമീറ്റര്‍ വീതിയില്‍ വളയം പൂര്‍ണമായോ അല്ലെങ്കില്‍ ഒരല്‍പ്പം ഒരു ഭാഗത്ത് നിര്‍ത്തി ഭാഗികമായോ പുറംതൊലി നീക്കം ചെയ്തു നോക്കാവുന്നതാണ്.
5. മാവിന്റെ ചുവട്ടില്‍ ഒരു ചട്ടിയില്‍ തൊണ്ട്, കരിയിലകള്‍ എന്നിവ വച്ച് നിയന്ത്രിതമായി പുകച്ച് നോക്കുന്നതും ഗുണകരമായിരിക്കും.
6. എത്രല്‍ (എത്തിഫോണ്‍) എന്ന ഹോര്‍മോണ്‍ ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അളവില്‍ ആഴ്ചയിലൊരിക്കല്‍ എന്ന തോതില്‍ അഞ്ചാഴ്ച ഒക്ടോബര്‍ മാസത്തില്‍ ഒഴിച്ചു കൊടുത്ത് തടം കുതിരുത്തുകൊടുക്കാവുന്നതാണ്.
7. പാക്ലോബ്യൂട്രസോള്‍ ( കള്‍ട്ടാര്‍) എന്ന ഹോര്‍മോണ്‍ 3 മില്ലി ഒരു ചതുരശ്ര മീറ്റര്‍ ഇലച്ചാര്‍ത്തിന് എന്നയളവില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടം കുതിര്‍ക്കുന്നത് വളരെ നാളുകളായി പൂക്കാതെ നില്‍ക്കുന്ന മാവുകളില്‍ പരീക്ഷിക്കാവുന്നതാണ്. നല്ല രീതിയില്‍ പൊട്ടാഷ് വളം നല്‍കുന്നതും നന്നായിരിക്കും. മറ്റുമരങ്ങളുടെ തണലില്‍ നില്‍ക്കുന്ന മാവുകള്‍ക്ക് വേണ്ടത്ര സൂര്യപ്രകാശം ലഭ്യമാക്കുകയും വേണം.