ലോകത്തിലെ സ്റ്റോക്ക് മാർക്കറ്റുകളിൽ നാലാമതെത്തി ഇന്ത്യ; മറികടന്നത് ഹോങ്കോങ്ങിനെ

ലോകത്തിലെ സ്റ്റോക്ക് മാർക്കറ്റുകളിൽ നാലാമതെത്തി ഇന്ത്യ; മറികടന്നത് ഹോങ്കോങ്ങിനെ

January 23, 2024 0 By BizNews

മുംബൈ: ഹോങ്കോങ്ങിനെ മറികടന്ന് നാലാമത്തെ വലിയ ഓഹരി വിപണിയായി മാറി ഇന്ത്യ. ഇതാദ്യമായാണ് ഇന്ത്യൻ ഓഹരി വിപണി നാലാമത്തെ വലിയ സ്റ്റോക്ക് മാർക്ക​റ്റാവുന്നത്. ബ്ലുംബർഗാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇന്ത്യൻ ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൂല്യം 4.33 ​ട്രില്യൺ ഡോളറായി ഉയർന്നതോടെയാണ് ഹോങ്കോങ്ങിനെ മറികടക്കാനായത്. ഹോ​ങ്കോങ് വിപണിയുടെ മൂല്യം 4.29 ട്രില്യൺ ​ഡോളറായാണ് കുറഞ്ഞത്. ഡിസംബർ അഞ്ചിനാണ് ഇന്ത്യൻ ഓഹരി വിപണിയുടെ വിപണിമൂല്യം നാല് ട്രില്യൺ ​ഡോളർ കടന്നത്.

റീടെയിൽ നിക്ഷപകർ ഓഹരി വിപണിയിൽ കൂടുതലായി പണമിറക്കുന്നതും വിദേശ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരിൽ നിന്നുള്ള പണമൊഴുക്കുമാണ് വിപണിക്ക് കരുത്തായത്. ചൈനക്ക് ബദലെന്ന നിലയിൽ ഇന്ത്യയുടെ ഉയർച്ചയും വിപണിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതുമൂലം വൻകിട കമ്പനികൾ ഇന്ത്യൻ വിപണിയിൽ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തൽ. സുസ്ഥിരമായ ഭരണം നിലനിൽക്കുന്ന രാജ്യമെന്ന ഖ്യാതിയും ഇന്ത്യൻ ഓഹരി വിപണിക്ക് ഗുണകരമായെന്നാണ് വിലയിരുത്തൽ.

അതേസമയം, ഹോ​ങ്കോങ് ഓഹരി വിപണിക്ക് ഇടക്കാലത്തുണ്ടായ തിരിച്ചടിയും ഇന്ത്യൻ വിപണിയെ സ്വാധീനിക്കുകയായിരുന്നു. 2021ൽ ഹോങ്കോങ് വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യത്തിൽ ആറ് ട്രില്യൺ ഡോളറിന്റെ ഇടിവുണ്ടായി. പാശ്ചാത്യ ലോകത്തിന് ചൈനയോടുള്ള എതിർപ്പും ഹോങ്കോങ് വിപണിയുടെ തകർച്ചക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.