ക്രെഡിറ്റ് കാർഡ് സൂക്ഷിച്ച് ഉപയോഗിക്കാം

ക്രെഡിറ്റ് കാർഡ് സൂക്ഷിച്ച് ഉപയോഗിക്കാം

January 22, 2024 0 By BizNews

ക്രെഡിറ്റ് കാർഡ് നല്ലതോ മോശമോ? പലർക്കും പലതായിരിക്കും ഉത്തരം. എന്നാൽ, അതിന്റെ ഉപയോഗത്തിന് അനുസരിച്ചായിരിക്കും ക്രെഡിറ്റ് കാർഡിന്റെ ഗുണവുംദോഷവും തീരുമാനിക്കാൻ കഴിയുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ നിക്ഷേപ പണം മാത്രം ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ഉപയോഗിക്കുന്നത് ഡെബിറ്റ് കാർഡാണ്. എന്നാൽ, നിശ്ചിത ദിവസത്തേക്ക് ബാങ്ക് ഒരു തുക കാർഡ് വഴി വായ്പ നൽകുന്നതിനെ ക്രെഡിറ്റ് കാർഡെന്ന് വിളിക്കാം.

സ്ഥിര വരുമാനമുള്ളവർക്ക് ക്രെഡിറ്റ് കാർഡ് നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും. ക്രെഡിറ്റ് കാർഡ് എടുക്കാനായി ബാങ്കിനെ സമീപിച്ചാൽ അവർ നിങ്ങളുടെ ശമ്പളം, മറ്റു വരുമാനം, വായ്പ തിരിച്ചടവ് ചരിത്രം, തിരിച്ചടക്കാനുള്ള ശേഷി തുടങ്ങിയവ പരിശോധിച്ച് ക്രെഡിറ്റ് ലിമിറ്റ് തീരുമാനിക്കും. ഈ പരിധിക്കകത്തുള്ള പണം മാത്രമേ നിങ്ങൾക്ക് ഉപയോഗിക്കാനാവൂ.

ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രധാനമായും ഷോപ്പിംഗ് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. എ.ടി.എം വഴി പണം എടുക്കാനും ക്രെഡിറ്റ് കാര്‍ഡ് വഴി സാധിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ക്യാഷ് ബാക്ക്, റിവാര്‍ഡ് എന്നിവ ഇവയുടെ ആകര്‍ഷണീയതയാണ്.

ഒരു മാസമാണ് സാധാരണ ക്രെഡിറ്റ് കാർഡ് വായ്പയുടെ കാലാവധി. എല്ലാ മാസവും അഞ്ചാം തീയതിയാണ് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലിങ് തീയതിയെങ്കിൽ ജനുവരി ആറിന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തിയാൽ ഫെബ്രുവരി അഞ്ചിന് മാത്രമേ അത് ബില്ലാകൂ. ശേഷം പത്തോ ഇരുപതോ ദിവസം ഗ്രേസ് പിരീഡുമുണ്ടാകും. അങ്ങനെ നോക്കുമ്പോൾ 50 ദിവസം വരെ ക്രെഡിറ്റ് കാർഡ് പലിശയില്ലാതെ ഉപയോഗിക്കാം. എന്നാൽ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ ലേറ്റ് ഫീസും അമിത പലിശയും മറ്റു നിരക്കുകളും ചേർത്ത് ഭീമമായ തുക നൽകേണ്ടി വരും.

ഉപയോഗം ശ്രദ്ധയോടെ

ഒരു മാസത്തിലധികം പലിശ ഇല്ലാതെ ബാങ്ക് നൽകുന്ന ഈ പണം ഉപയോഗപ്പെടുത്താം.

വിവിധ ഓൺലൈൻ ഇടപാടുകളിൽ ഡെബിറ്റ് കാർഡ് വിവരങ്ങൾ പങ്കുവെക്കു​മ്പോൾ നമ്മുടെ അക്കൗണ്ട് വിവരങ്ങൾ ചോരുകയും അക്കൗണ്ടിലെ മുഴുവൻ തുക നഷ്ടപ്പെടാനും സാധ്യതയുണ്ട്. ക്രെഡിറ്റ് കാർഡ് ആണെങ്കിൽ അതിന്റെ പരിധിക്കപ്പുറമുള്ള ഇടപാടുകൾ സാധ്യമല്ല.

കൃത്യമായി ഉപയോഗിക്കുകയും തിരിച്ചടക്കുകയും ചെയ്താൽ സിബിൽ സ്കോർ ഉയരും. ഇതുവഴി ബാങ്ക് വായ്പ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.

അടിയന്തര ഫണ്ടായി ക്രെഡിറ്റ് കാർഡിനെ ഉപയോഗപ്പെടുത്താം. മറ്റുള്ളവരിൽനിന്ന് കടം വാങ്ങേണ്ട സാഹചര്യം ഒഴിവാക്കാം

​സൂക്ഷിച്ചില്ലെങ്കിൽ

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിശ്ചിത കാലാവധിക്കുശേഷം തിരിച്ചടച്ചി​ല്ലെങ്കിൽ 35 ശതമാനം വരെ പലിശ നൽകേണ്ടിവരും. തിരിച്ചടവ് മുടങ്ങിയാൽ വായ്പ എടുത്ത അന്നുമുതലുള്ള പലിശയായിരിക്കും ചിലപ്പോൾ നൽകേണ്ടിവരുക

തിരിച്ചടവ് മുടങ്ങിയാൽ സിബിൽ സ്കോറിനെ ബാധിക്കും.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാതിരിക്കുക. ഉയർന്ന പലിശ നൽകേണ്ടിവരും.