എല്ലാ പൗരന്മാര്‍ക്കും ഉപഭോക്തൃ നമ്പര്‍ വേണം; ജി.എസ്.ടി കൗണ്‍സില്‍ നിയമ്മിച്ച സമിതിയുടെതാണ് ശുപാര്‍ശ
September 28, 2018തൃശ്ശൂര്‍: രാജ്യത്തെ ഓരോ പൗരനും പ്രത്യേക ഉപഭോക്തൃ നമ്പര്‍ നല്‍കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ നിയമിച്ച സമിതിയുടെ ശുപാര്‍ശ. ചരക്ക്-സേവന നികുതി ഇടപാടുകളിലെ വെട്ടിപ്പ് തടയുകയാണ് ലക്ഷ്യം.
ഈടാക്കിയ നികുതിപ്പണം വ്യാപാരികള്‍ കൃത്യമായി സര്‍ക്കാരിന് കൈമാറിയോയെന്ന് ഇടപാടുകാരന് നേരിട്ട് പരിശോധിക്കാനാണ് ഉപഭോക്തൃ നമ്പര്‍. കാലക്രമേണ ഉപഭോക്തൃനമ്പര്‍ ബില്ലില്‍ രേഖപ്പെടുത്തിയുള്ള ഇടപാട് പ്രോത്സാഹിപ്പിക്കും. ഇത്തരം ഉപഭോക്താവിന് പ്രത്യേക ആനുകൂല്യങ്ങളും നല്‍കും.
ജി.എസ്.ടി.യില്‍ നികുതിവെട്ടിപ്പ് കുറയ്ക്കാന്‍ എന്തെല്ലാം നടപടി സ്വീകരിക്കാനാകുമെന്ന് കണ്ടെത്താനാണ് ‘കമ്മിറ്റി ഓണ്‍ ഇന്‍വോയിസസ്’ എന്ന സമിതിയെ നിയോഗിച്ചത്. പൗരന്മാര്‍ക്കെല്ലാം ഉപഭോക്തൃനമ്പറും വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഡിസ്റ്റിങ്റ്റ് ഇന്‍വോയിസ് നമ്പറും (ഡിന്‍) നടപ്പാക്കണമെന്നാണ് ശുപാര്‍ശ.
വ്യാപാരസ്ഥാപനം വില്‍ക്കാനായി വാങ്ങുന്ന ഓരോ സാധനങ്ങള്‍ക്കും നല്‍കുന്ന നമ്പറാണ് ഡിന്‍. ഈ നമ്പര്‍ വ്യാപാരികള്‍ ജി.എസ്.ടി. സൈറ്റിലും ഉപഭോക്താവിന്റെ ബില്ലിലും കാണിക്കണം. ഈ സൈറ്റിലൂടെ ഈടാക്കിയ നികുതി വ്യാപാരി സര്‍ക്കാരിന് നല്‍കിയിട്ടുണ്ടോ എന്ന് കണ്ടെത്താനാകും. ബില്ലും ഉപഭോക്തൃനന്പറും നല്‍കിയാല്‍ മതി.
നികുതി ഒടുക്കിയിട്ടില്ലെങ്കില്‍ വ്യാപാരിയെ ശിക്ഷിക്കും. ഉപഭോക്താവിന് നികുതിത്തുക പാരിതോഷികമായി നല്‍കും. പുതിയ രീതി നടപ്പാക്കുന്നതോടെ ജി.എസ്.ടി. വരുമാനത്തില്‍ 30 ശതമാനം വര്‍ധനയുണ്ടാകുമെന്നും കമ്മിറ്റി വിലയിരുത്തി.