വെൽകിൻസ് ‘ടേൺ യുവർ ഇ-വേസ്റ്റ് ടു വെൽനസ്’ പദ്ധതിക്ക് തുടക്കമായി
January 15, 2024ദോഹ: പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ഇലക്ട്രോണിക് മാലിന്യങ്ങൾ കൃത്യതയോടെ റീസൈക്കിൾ ചെയ്യുക; ഒപ്പം നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് ഖത്തറിലെ സ്വകാര്യ ആരോഗ്യപരിപാലനരംഗത്തെ വേറിട്ട കാൽവെപ്പായ വെൽകിൻസ് മെഡിക്കൽ സെന്ററിന്റെ പുതിയ സാമൂഹിക പ്രതിബന്ധത പദ്ധതിക്ക് (സി.എസ്.ആർ) തുടക്കമായി. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ നിർവഹിച്ചു. വെൽകിൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സമീർ മൂപ്പൻ അധ്യക്ഷത വഹിച്ചു. കേരള ബിസിനസ് ഫോറം ഭാരവാഹികളും ഖത്തറിലെ സാമൂഹികപ്രവർത്തകരും സീഷോറിലെയും വെൽകിൻസിലെയും ജീവനക്കാരുമടക്കം നിരവധി ആളുകൾ പങ്കെടുത്തു.
പൊതുജനങ്ങൾക്ക് ഇ-മാലിന്യങ്ങൾ ദോഹ റമദാ സിഗ്നലിന് സമീപം പ്രവർത്തിക്കുന്ന വെൽകിൻസ് മെഡിക്കൽ സെന്ററിലെ നിർദിഷ്ട ബോക്സുകളിൽ നിക്ഷേപിക്കാനും അതുവഴി ലിപിഡ് പ്രൊഫൈൽ, എച്ച്.ബി.എ.1.സി, തൈറോയിഡ്, വിറ്റാമിൻ ഡി, ക്രിയാറ്റിനൈൻ, യൂറിക് ആസിഡ് എന്നീ പരിശോധനകൾക്കും ഹൈഡ്രാ ഫേഷ്യൽ, ഡെന്റൽ സ്കേലിങ്, ഡോക്ടർ കൺസൾട്ടേഷൻ എന്നീ സേവനങ്ങൾക്കുമുള്ള ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും.
സീഷോർ റീസൈക്കിളുമായി സഹകരിച്ചുകൊണ്ട് ‘ടേൺ യുവർ ഇ-വേസ്റ്റ് ടു വെൽനസ്’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും പൊതുജനങ്ങളുടെ ആരോഗ്യത്തോടൊപ്പംതന്നെ പ്രാധാന്യത്തോടെ കാണേണ്ടകാര്യമാണ് പരിസ്ഥിതി സംരക്ഷണമെന്നും അതുകൊണ്ടാണ് വെൽകിൻസ് ഇത്തരം വേറിട്ട ഒരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ഡോ.സമീർ മൂപ്പൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഖത്തറിലെ ഇ-വേസ്റ്റ് അടക്കം നിർമാർജനം ചെയ്യുന്നതിനും റീസൈക്കിൾ ചെയ്യുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന കമ്പനി എന്ന നിലയിൽ സീഷോർ ഗ്രൂപ്പിന് വെൽകിൻസുമായി ചേർന്ന് ഇത്തരം സാമൂഹിക-ആരോഗ്യപദ്ധതിക്ക് ഭാഗമാകാൻ ഏറെ സന്തോഷമുണ്ടെന്നും പരിസ്ഥിതിയെ സംരക്ഷിക്കാനും ഭാവി തലമുറക്കായി കരുതിവെക്കാനും നമ്മൾ എല്ലാവർക്കും ബാധ്യതയുണ്ടെന്നും സീഷോർ ഗ്രൂപ് ഫൗണ്ടറും ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ മുഹമ്മദലി വാർത്തക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി wellkins.com/ewaste സന്ദർശിക്കുക.